BREAKINGNATIONAL
Trending

ഹരിയാണയിലെ തോല്‍വി അംഗീകരിക്കാതെ കോണ്‍ഗ്രസ്; അധ്യായം അവസാനിച്ചിട്ടില്ലെന്ന് ജയ്റാം രമേശ്

ന്യൂഡല്‍ഹി: ഹരിയാണയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്‌സില്‍ ഞെട്ടി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ ആരംഭത്തില്‍ ശക്തമായ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ്, ഭരണം കൈയിലെത്തി എന്ന് വിചാരിച്ചിരുന്നിടത്ത് നിന്നാണ് അപ്രതീക്ഷിത തിരിച്ചടി ഉണ്ടാകുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കവെ ബി.ജെ.പി. വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മൂന്നാമതും ഹരിയാണയില്‍ ബി.ജെ.പി. അധികാരത്തില്‍ എത്തി. ഇതിനിടെ വോട്ടെണ്ണലില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
ഹരിയാണയിലെ തിരഞ്ഞെടുപ്പ് ഫലം തീര്‍ത്തും അപ്രതീക്ഷിതവും വിചിത്രവുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ‘പ്രതീക്ഷിച്ചതിനും വിപരീതമായിട്ടാണ് ഹരിയാണയില്‍ സംഭവിച്ചിരിക്കുന്നത്. യാഥാര്‍ത്ഥ്യത്തിനെതിരാണ് ഇത്. ഹരിയാണയിലെ ജങ്ങളുടെ മാറ്റത്തിനും അവരുടെ തീരുമാനങ്ങള്‍ക്കുമെതിരാണ് ഈ വിധി. ഈ സാഹചര്യത്തില്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ഇത് കൃത്രിമത്വത്തിന്റെ വിജയമാണ്. ജനഹിതത്തെ അട്ടിമറിച്ചതിന്റെ വിജയം. സുതാര്യവും ജനാധിപത്യപരവുമായ പ്രക്രിയകളുടെ പരാജയമാണ്. ഹരിയാണയിലെ അധ്യായം പൂര്‍ത്തിയായിട്ടില്ല’ എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വോട്ടെണ്ണലുമായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും തിരികെ അവര് മറുപടി നല്‍കിയെന്നും അതിനുള്ള മറുപടി തിരഞ്ഞെടുപ്പ് കമ്മിഷന് താന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വളരെ ഗുരുതരമായ പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ചുരുങ്ങിയത് മൂന്ന് ജില്ലകളിലെങ്കിലും ഇ.വി.എം. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരാതിയുണ്ട്. കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കാര്യങ്ങളൊക്കെ വെച്ച് ഇന്ന് അല്ലെങ്കില്‍ ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും’ എന്നും ജയ്‌റാം രമേശ് പറഞ്ഞു.

Related Articles

Back to top button