ഗുരുഗ്രാം/ചണ്ഡീഗഢ്: ഹരിയാണയിലെ നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി.) ഘോഷയാത്ര ആള്‍ക്കൂട്ടം തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷം. വെടിവെപ്പില്‍ പോലീസിലെ രണ്ടു ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. പത്തിലേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടം പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയുംചെയ്തു. മുസ്ലിം ഭൂരിപക്ഷ ജില്ലയാണ് നൂഹ്.
അക്രമവാര്‍ത്ത പരന്നതോടെ അടുത്തുള്ള ഗുരുഗ്രാം ജില്ലയിലെ സോഹ്നയില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുടെ നാലു കാറുകളും കടയും കത്തിച്ചു. എന്നാല്‍, ഘോഷയാത്രയുടെ ഭാഗമായ വാഹനങ്ങളും പോലീസ് വാഹനങ്ങളുമാണ് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
നൂഹ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചവരെ ഇവിടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതായി ഹരിയാണ സര്‍ക്കാര്‍ അറിയിച്ചു. സമീപ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചതായി ഹരിയാണ ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. നൂഹിലെ അക്രമത്തില്‍ പരിക്കേറ്റ എട്ടുപോലീസുകാരെ ആശുപത്രിയിലാക്കി. ഇവരില്‍ ഹോഡല്‍ ഡിവൈ.എസ്.പി. സജ്ജന്‍ സിങ്ങിന് തലയിലും ഒരു ഇന്‍സ്‌പെക്ടര്‍ക്ക് വയറ്റിലുമാണ് വെടിയേറ്റത്. ആള്‍ക്കൂട്ടത്തെ പരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
വി.എച്ച്.പി.യുടെ ‘ബ്രിജ് മണ്ഡല്‍ ജലാഭിഷേക യാത്ര’ നൂഹിലെ ഖെഡ്ല മോഡിനു സമീപം ഒരുസംഘം തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ബല്ലഭ്ഗഢിലെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്റെ സാമൂഹികമാധ്യമ പോസ്റ്റാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നും വാര്‍ത്തയുണ്ട്. രണ്ടു മുസ്ലിങ്ങളെ കൊലപ്പെടുത്തിയ ഗോരക്ഷകന്‍ മോനു മനേസര്‍ ഘോഷയാത്രയിലുണ്ട് എന്ന വാര്‍ത്തയാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നും പറയുന്നു. എന്നാല്‍, തന്റെ സാന്നിധ്യം സംഘര്‍ഷത്തിനിടയാക്കുമെന്നതിനാല്‍ വി.എച്ച്.പി.യുടെ നിര്‍ദേശപ്രകാരം ഘോഷയാത്രയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നെന്ന് മനേസര്‍ പറഞ്ഞു.