ദില്ലി: ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട ആരോപണത്തിനെതിരെ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. തെളിയിക്കാനാകാത്ത ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് വിണ്ടും ഉന്നയിക്കുകയാണെന്നും മാധബി ബുച്ചമായി ബിസിനസ് ബന്ധമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ച ഹിന്‍ഡന്‍ബര്‍ഗ് രക്ഷപ്പെടാന്‍ നടത്തുന്ന നീക്കമാണിതെന്നും അദാനി ഗ്രൂപ്പ് പറയുന്നു.
അതിനിടെ, സെബി ചെയര്‍പേഴ്‌സണെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഹിന്‍ഡന്‍ബര്‍ഗിനും പ്രതിപക്ഷത്തിനുമെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയില്‍ അസ്ഥിരത സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് ബിജെപി നേതാവ് സുധാംശു ത്രിവേദി പറഞ്ഞു. ഈ റിപ്പോര്‍ട്ട് വരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് തന്നെ ഇത്തരം വിദേശ റിപ്പോര്‍ട്ടുകള്‍ വരുന്നത് എന്തുകൊണ്ടാണ്. ഇന്ത്യയില്‍ സാമ്പത്തിക അസ്ഥിരതയും, അരാജകത്വവും സൃഷ്ടിക്കാനുള്ള ഗൂഢാലോചന ഇതോടെ വ്യക്തമായിരിക്കുകയാണ്. വിദേശ ശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രതിപക്ഷം രാജ്യത്ത് അസ്ഥിരതയും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി പ്രതികരിച്ചു.
അതിനിടെ, ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണം തള്ളി സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചും രംഗത്തെത്തിയിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് സ്വഭാവഹത്യ നടത്തുകയാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നും മാധബി പുരി ബുച്ച് പറഞ്ഞു. ഏത് ഏജന്‍സിക്കും രേഖകള്‍ നല്‍കാന്‍ തയ്യാറാണ്. ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്റെ പ്രതികാരമെന്ന് മാധബി ബുച്ച് പറഞ്ഞു. ഇന്നലെയാണ് സെബി ചെയര്‍പേഴ്‌സണെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ ബര്‍ഗ് രംഗത്തെത്തിയത്. സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് കണ്ടെത്തല്‍. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമെന്നും ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ട്.
59 1 minute read