ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ മുന്‍ പി.സി.സി. അധ്യക്ഷന്‍ സുഖ്‌വീന്ദര്‍ സിങ് സുഖു മുഖ്യമന്ത്രി. നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയാവും. പരേതനായ മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെയും പി.സി.സി. അധ്യക്ഷ പ്രതിഭ സിങ്ങിന്റെയും മകന്‍ വിക്രമാദിത്യയ്ക്ക് മന്ത്രിസഭയില്‍ സുപ്രധാന പദവിനല്‍കും. ഞായറാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കും.
തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിപദത്തിനായി നേതാക്കളുടെ ചേരിപ്പോരിനൊടുവില്‍ ഹൈക്കമാന്‍ഡാണ് ശനിയാഴ്ച വൈകീട്ട് സമവായമുണ്ടാക്കിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍പിടിച്ചത് അമ്പത്തിയെട്ടുകാരനായ സുഖ്‌വീന്ദര്‍ സിങ് സുഖുവാണ്. ഹാമിര്‍പുരിലെ നദൗനില്‍നിന്നാണ് തിരഞ്ഞെക്കപ്പെട്ടത്. നാലാം തവണയാണ് സഭയിലെത്തുന്നത്. നാലുതവണ എം.എല്‍.എ.യായ പാരമ്പര്യമുണ്ട് ഉപമുഖ്യമന്ത്രിയാകുന്ന 60കാരന്‍ മുകേഷ് അഗ്‌നിഹോത്രിക്ക്.
ഹൈക്കമാന്‍ഡ് നിരീക്ഷകനും ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബഘേലിന്റെ പ്രഖ്യാപനം വന്നതിനുപിന്നാലെ, ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രിയുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സുഖ്!വീന്ദര്‍ സുഖു പ്രതികരിച്ചു. സാധാരണ കുടുംബത്തിലൊരാള്‍ മുഖ്യമന്ത്രിയാവുന്നത് അഭിമാനകരമാണെന്നും ഇതിന് സോണിയാഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരോട് നന്ദിപറയുന്നതായും സംസ്ഥാനത്തെ പ്രമുഖ നേതാവ് ആനന്ദ് ശര്‍മയും പ്രതികരിച്ചു.
സുഖ്‌വിന്ദറിനു പുറമേ പ്രതിഭ സിങ്, മുകേഷ് അഗ്‌നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രിപദത്തിനായി ശക്തമായ അവകാശവാദവുമായി രംഗത്തുണ്ടായിരുന്നത്. മുഖ്യമന്ത്രിയാവാന്‍ തയ്യാറാണെന്ന് പ്രതിഭ സിങ് പരസ്യമായി പ്രഖ്യാപിച്ചു. അമ്മയ്ക്കുവേണ്ടി മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണെന്ന് വിക്രമാദിത്യയും പറഞ്ഞു. പ്രതിഭയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ ഷിംലയില്‍ പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു ഹൈക്കമാന്‍ഡ് തീരുമാനം. ശനിയാഴ്ച വൈകിട്ട് ഷിംലയില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിനിടെ, പ്രതിഷേധം കനത്തതിനാല്‍ തീരുമാനം വൈകി. ഒടുവില്‍ പ്രതിഭയെ അനുനയിപ്പിച്ചശേഷമാണ് ബഘേല്‍ തീരുമാനം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. നിരീക്ഷകരായ രാജീവ് ശുക്ലയും ഭൂപീന്ദര്‍ സിങ് ഹൂഢയും ഒപ്പമുണ്ടായിരുന്നു.
നിയമസഭാകക്ഷി യോഗത്തില്‍ ആകെ 40 എം.എല്‍.എ.മാരില്‍ 21 പേരുടെ പിന്തുണയാണ് സുഖ്!വീന്ദറിനുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ പ്രതിഭയ്ക്കും അഗ്‌നിഹോത്രിക്കും പിന്നില്‍ അണിനിരന്നു. അവസാനഘട്ടത്തില്‍ മകന്‍ വിക്രമാദിത്യയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന് പ്രതിഭ ആവശ്യപ്പെട്ടെങ്കിലും ഇത് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും മന്ത്രിസഭയില്‍ സുപ്രധാനപദവി നല്‍കാമെന്നും ഹൈക്കമാന്‍ഡ് നേതാക്കള്‍ അറിയിച്ചു.
മുഖ്യമന്ത്രിപദത്തിനായി മത്സരം മൂര്‍ച്ഛിച്ചതോടെ വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭാകക്ഷി യോഗം തീരുമാനം ഹൈക്കമാന്‍ഡിനുവിട്ട് പ്രമേയം പാസാക്കുകയായിരുന്നു. പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവരുമായി വിഷയം ചര്‍ച്ചചെയ്തു. എന്‍.എസ്.യു.ഐ.യിലൂടെ രാഷ്ട്രീയത്തിലെത്തിയ സുഖുവിനോട് രാഹുലിന് അടുപ്പമുണ്ട്. പ്രിയങ്കയും ഈ നിലപാടിലായിരുന്നു.