BREAKING NEWSLATESTNATIONAL

‘ഹിമാലയന്‍ യതിയേപ്പോലെ പിടികിട്ടാപ്പുള്ളി’;ആനന്ദ് സുബ്രഹ്മണ്യമാണ് യോഗിയെന്ന് കോടതി, ജാമ്യംനിഷേധിച്ചു

ന്യൂഡല്‍ഹി: നാഷണന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് മുന്‍ സിഇഒ ചിത്ര രാമകൃഷ്ണയുടെ തീരുമാനങ്ങളെ സ്വാധീനിച്ച ഹിമാലയന്‍ യോഗിയെന്ന് സംശയിക്കുന്ന മുന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥന്‍ ആനന്ദ് സുബ്രഹ്മണ്യന്റെ ജാമ്യാപേക്ഷ തള്ളി സിബിഐ കോടതി. ഈ ഹിമാലയന്‍ യോഗി ‘ഹിമാലയന്‍ യതിയെപ്പോലെ തന്നെ പിടികിട്ടാപ്പുള്ളിയാണെന്നും’ ഇയാള്‍ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു.
സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, ‘ഹിമാലയന്‍ യോഗി’ ആനന്ദ് സുബ്രഹ്മണ്യന്‍ ആണെന്നും എന്‍എസ്ഇയുടെ ഘടനയെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചിത്ര രാമകൃഷ്ണ ഇയാളുമായി പങ്കുവെച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ‘rigyajursama@outlook.com’ എന്ന മെയില്‍ ഐഡിയില്‍ അദ്ദേഹവുമായി കത്തിടപാടുകള്‍ നടത്തിയ ചിത്ര രാമകൃഷ്ണ ‘കോലൊക്കേഷന്‍ അഴിമതി’ എന്ന ഈ വഞ്ചനാപരമായ ഗൂഢാലോചനയില്‍’ ഒരുമിച്ച് പ്രവര്‍ത്തിച്ചതായി തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
‘അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്, ഹിമാലയന്‍ യതിയെപ്പോലെ പിടികിട്ടാപ്പുള്ളിയായ ഈ ഹിമാലയന്‍ യോഗിയുടെ യഥാര്‍ത്ഥ മുഖം മറ നീക്കി പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സി,’ കോടതി പറഞ്ഞു.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന ആനന്ദ് സുബ്രഹ്മണ്യനെ ഫെബ്രുവരി 25നാണ് അറസ്റ്റ് ചെയ്തത്. ‘കോലൊക്കേഷന്‍ അഴിമതി’ എന്നറിയപ്പെടുന്ന മാര്‍ക്കറ്റ് കൃത്രിമത്വത്തിന്റെ പേരില്‍ അദ്ദേഹവും ചിത്ര രാമകൃഷ്ണയും അന്വേഷണം നേരിടുകയാണ്.
എന്‍എസ്ഇയുടെ ഉന്നത മാനേജ്‌മെന്റ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ചില ഉന്നത സ്വാധിനമുള്ള ട്രേഡിംഗ് ബ്രോക്കര്‍മാരെ സഹായിച്ചുവെന്നും ആരോപിച്ച് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് സിബിഐയുടെ അന്വേഷണം ആരംഭിച്ചത്.
മുന്‍ എന്‍എസ്ഇ സിഇഒ ചിത്ര രാംകൃഷ്ണ 20 വര്‍ഷമായി താന്‍ ഒരു ‘ഹിമാലയന്‍ യോഗി’യാണ് തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്ന് സമ്മതിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു സ്റ്റോക്ക് ബ്രോക്കര്‍ക്കെതിരെ സിബിഐ നടത്തിയ നാല് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ചിത്ര രാംകൃഷ്ണ അറസ്റ്റിലായത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker