ENTERTAINMENTMALAYALAM

ഹിറ്റില്ല….ദിലീപിന്‍റെ അവസാന മൂന്ന് പടത്തിന്‍റെ ഒടിടി അവകാശം ആരും വാങ്ങിയില്ല

കൊച്ചി: മലയാള സിനിമകളുടെ ഒടിടി അവകാശം വാങ്ങുന്നതില്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇപ്പോള്‍ പിന്നോട്ടാണ്. പഴയ പോലെ ഹിറ്റ് ചിത്രങ്ങള്‍ പോലും എടുക്കാന്‍ വൈകുകയാണ് ഒടിടിക്കാര്‍. ഒപ്പം പ്രമുഖ താരങ്ങളുടെ അടക്കം ചിത്രങ്ങളുടെ ഒടിടി അവകാശം നേരത്തെ വിറ്റുപോകുന്നില്ല.

 

ഒടിടി വില്‍പ്പനയില്‍ മലയാളത്തിന് ലഭിക്കുന്ന തിരിച്ചടിയുടെ സാക്ഷ്യമാണ് നടന്‍ ദിലീപിന്‍റെ അവസാനത്തെ മൂന്ന് ചിത്രങ്ങള്‍ ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമും വാങ്ങിയില്ലെന്നത്. ദിലീപ് അഭിനയിച്ച ‘പവി കെയര്‍ ടെയ്ക്കര്‍’, ‘ബാന്ദ്ര’, തങ്കമണി എന്നീ ചിത്രങ്ങളുടെ ഒടിടി റിലീസ് സംബന്ധിച്ച് ഇതുവരെ ഒരു അപ്ഡേറ്റും വന്നിട്ടില്ല. ഇവയുടെ തീയറ്റര്‍ റിലീസ് കഴിഞ്ഞിട്ട് മാസങ്ങളായി.

 

ദിലീപിന്‍റെ മാര്‍ച്ചില്‍ ഇറങ്ങിയ തങ്കമണി ഏപ്രില്‍ മാസത്തില്‍ ഒടിടിയില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ന്ന് അപ്ഡേറ്റൊന്നും വന്നില്ല. ഈ ചിത്രം പോലെ തന്നെ പവി കെയര്‍ ടേയ്ക്കറും, ബാന്ദ്രയും ഇതുവരെ ഒടിടി ഡീലുകള്‍ ഒന്നും ഉറപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

 

ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ബാന്ദ്ര എത്തും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ചിത്രം എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളും ചില സൈറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ചിത്രം ഇതുവരെ ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലും ലഭ്യമല്ല.

 

തീയറ്ററില്‍ വലിയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കാതെ പോയ ചിത്രങ്ങളാണ് ഇവ മൂന്നും. അതിനാല്‍ തന്നെ സുരക്ഷിതമായ ഒരു ഡീല്‍ ലഭിക്കാത്തതാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് വൈകാന്‍ കാരണം എന്നാണ് സൂചന. മലയാളത്തിലെ വന്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സ് തന്നെ വളരെ വിലപേശലുകള്‍ക്ക് ശേഷമാണ് ഒടിടി അവകാശം വിറ്റത് എന്നാണ് വിവരം. അതേ സമയം ദിലീപിന്‍റെ ഡി150 അടക്കം പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.

 

 

 

Related Articles

Back to top button