തിരുവനന്തപുരം : തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ മുന്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. മേഴ്സിക്കുട്ടിയമ്മക്ക് മറുപടി ഉണ്ടോ എന്ന ചോദ്യത്തിന് അത് ആരാണെന്നായിരുന്നു ഫേസ്ബുക്കിലൂടെയുളള മറുചോദ്യം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥന്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയും സര്‍വീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്തെന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ വിമര്‍ശനം. ”മേഴ്‌സിക്കുട്ടിയമ്മ കടല്‍ വിറ്റുവെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ഒരു കള്ളക്കഥ മെനയാന്‍ ആസൂത്രണം നടന്നു. രമേശ് ചെന്നിത്തലയും പ്രശാന്തും യുഡിഎഫും ചേര്‍ന്ന് നടത്തിയ ആസൂത്രണം മറ്റു ചിലരും പിന്നിലുണ്ട്. ഒരു വില്ലന്‍ റോളാണ് പ്രശാന്ത് നിര്‍വഹിച്ചത്. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടായിരുന്നു”. പ്രശാന്ത് യുഡിഎഫിനെ സഹായിക്കാന്‍ വമ്പന്‍ തട്ടിപ്പാണ് നടത്തിയതെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിക്കുന്നു.
അതേ സമയം, സര്‍ക്കാറിനെ വെല്ലുവിളിച്ച് ഐഎഎസ് തലപ്പത്തെ പോര് പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. അഡീഷനല്‍ ചീഫ് സെക്രട്ടറി ജയതിലക് കീഴ് ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിക്കുന്നയാളാണെന്ന് എന്‍ പ്രശാന്ത് ഐഎഎസ് പുതിയ ആരോപണം ഉന്നയിച്ചു. ജയതിലകിനെയും ഗോപാലകൃഷ്ണനെയും പേരെടുത്ത് ഇനിയും വിമര്‍ശിക്കുമെന്നാണ് പ്രശാന്തിന്റെ വെല്ലുവിളി. പ്രശാന്തിനും ഗോപാലകൃഷ്ണനുമെതിരെ അച്ചടക്കനടപടിക്കാണ് സര്‍ക്കാര്‍ നീക്കം.
മുമ്പില്ലാത്തവിധം അസാധാരണനിലയിലേക്കാണ് ഐഎഎസ് പോര് മാറുന്നത്. ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എന്‍ പ്രശാന്തിനെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടിക്കാണ് സര്‍ക്കാര്‍ നീക്കം. പക്ഷെ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വിടാതെ പരസ്യവിമര്‍ശനം തുടരുകയാണ് പ്രശാന്ത്. ജയതിലക് കല്‍പ്പിക്കുന്ന രീതിയില്‍ ഫയലും നോട്ടുമെഴുതാത്ത സത്യസന്ധരായ നിരവധി ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് പുതിയ ആരോപണം. സര്‍ക്കാറിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കരുതെന്നാണ് സര്‍വ്വീസ് ചട്ടം, ജയതിലകിനെയോ ഗോപാലകൃഷ്ണനയോ വിമര്‍ശിക്കരുതെന്നല്ലെന്ന് പറഞ്ഞാണ് പ്രശാന്തിന്റെ വെല്ലുവിളി. ഒരു ഒത്ത് തീര്‍പ്പിനുമില്ലാതെ വാശിയോടെ വെല്ലുവിളിയുമായി മുന്നോട്ട് പോകുമെന്നാണ് പ്രശാന്തിന്റെ ഭീഷണി. പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ജയതിലകിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വരെ പറഞ്ഞാണ് പ്രശാന്തിന്റെ വിമര്‍ശനം.