കോഴിക്കോട്: ലോകഹൃദയദിനത്തില്‍ ഹൃദയാരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി സമഗ്രമായ മൊബൈല്‍ ആപ്പ്. ചികിത്സയ്ക്ക് ശേഷവും ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം എളുപ്പമാക്കുന്നതിന് ഹൃദയമിത്രം മൊബൈല്‍ ആപ്പ് വഴിയൊരുക്കും. ഹൃദയരോഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനുള്ള മുന്നറിവുകള്‍ നല്‍കാനും അവശ്യഘട്ടത്തില്‍ ആശുപത്രിയുമായി ബന്ധപ്പെടാനും ആപ്പ് സഹായിക്കും.
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലാണ് രാജ്യത്ത് ആദ്യത്തേതെന്നു കരുതുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഹൃദയരോഗങ്ങള്‍ക്കു മാത്രമായി പ്രത്യേക ഹാര്‍ട്ട് യൂണിറ്റും പ്രവര്‍ത്തനം തുടങ്ങി. ഹൃദയമിത്രം ആപ്പ് ഐ.ഒ.എസിലും ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലും ലഭിക്കും.
കോവിഡ് കാലത്ത് ഹൃദ്രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ ചികിത്സാ സംവിധാനം ഒരുക്കിയത്. സമീപകാലത്ത് മരണപ്പെടുന്നവരില്‍ ചെറുപ്പക്കാരുടെയും മധ്യവയ്സ്കരുടെയും എണ്ണം വര്‍ധിച്ചുവരികയാണ്. ഹൃദയതകരാറുകള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത വണ്ണം, ഹൃദയ സംബന്ധമായ വാതരോഗങ്ങള്‍ തുടങ്ങിയവ കൊണ്ടും ഹൃദയം നിശ്ചലമാകുന്നവരുടെ എണ്ണം രാജ്യത്ത് 1.3 മുതല്‍ 4.6 ദശലക്ഷം വരെയാണ്.
ഹാര്‍ട്ട്ഫെയ്ലിയര്‍ സംഭവിക്കുന്ന രോഗികളെ ചികിത്സിക്കുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരാണ് സംസ്ഥാനത്തെ തന്നെ ആദ്യ സംരംഭമായ ഹാര്‍ട്ട് ഫെയ്ലിയര്‍ യൂനിറ്റിന് നേതൃത്വം നല്‍കുന്നത്. മിടിപ്പ് നിലയ്ക്കുന്നതിന് മുമ്പ് ഹൃദയാരോഗ്യത്തെക്കുറിച്ചും ഹൃദ്രോഗങ്ങളെക്കുറിച്ചും ഹാര്‍ട്ട് ഫെയിലിയര്‍ യൂനിറ്റ് മാര്‍ഗ്ഗനിര്‍ദേശം നല്‍കും. ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് നാലു വരെ ഒ പി പ്രവര്‍ത്തിക്കും.
ക്ലിനിക്ക് ഉദ്ഘാടന ചടങ്ങില്‍ കാര്‍ഡിയോളജി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. സാജിദ് യൂനുസ്, കാര്‍ഡിയോളജി വിഭാഗം ചെയര്മാന് ഡോ. ആശിഷ് കുമാര്‍ മണ്ഡലെ, ഹോസ്പിറ്റല്‍ ചെയര്മാന് ഫൈസല്‍ കൊട്ടിക്കോളന്, കാര്‍ഡിയോളജി സീനിയര്‍ കണ്സല്ട്ടന്റുമായ ഡോ. അലി ഫൈസല്‍, ഡോ. ജയേഷ് ഭാസ്കരന്, ഡോ. അനീസ് താജുദ്ദീന്, ഡോ. മുരളി പി. വെട്ടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.