BREAKINGKERALA

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പോക്സോ നിയമപ്രകാരം കേസെടുക്കണം; ആഭ്യന്തരവകുപ്പിന് പരാതി

hemതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. അല്‍ത്തിയ സ്ത്രീ കൂട്ടായ്മയ്ക്കുവേണ്ടി സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷയാണ് ആഭ്യന്തരവകുപ്പിന് പരാതി നല്‍കിയത്. റിപ്പോര്‍ട്ടില്‍ പോക്സോ ആക്ട് പ്രകാരം കേസ് എടുക്കാവുന്ന ചില കുറ്റകൃത്യങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതിയെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടിന്റെ 41-ാം പേജിലെ 83-ാം ഖണ്ഡികയിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പരാതി. പോക്സോ ആക്ടിന്റെ 19(1) വകുപ്പ് പ്രകാരം ഇത്തരത്തില്‍ ഒരു വിവരം കിട്ടിയാല്‍ അത് പോലീസിനെ അറിയിക്കേണ്ടതാണ്. അതിനാല്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിച്ച്, ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് അവര്‍ക്ക് പൂര്‍ണമായും സൗകര്യപ്രദമായ രീതിയില്‍ പോക്സോ നിയമ പ്രകാരമുള്ള നടപടിസ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതിക്രമം നേരിട്ട കുട്ടി തന്നെ പരാതിപ്പെടണമെന്ന് നിയമത്തിലില്ലെന്ന് പി.ഇ. ഉഷ പറഞ്ഞു. ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹേമയുടെ മുമ്പില്‍ കൊടുത്ത മൊഴിക്ക്, മജിസ്ട്രേറ്റിന് മുന്നില്‍ കൊടുക്കുന്ന മൊഴിയുടെ സാധുതയുണ്ട്. മറ്റുതെളിവുകള്‍ ആവശ്യമില്ല, ബോധ്യപ്പെടുന്നു എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ ഭാഷ. കുട്ടികള്‍ ഉപദ്രവിക്കപ്പെട്ടിരിക്കയാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. അത് പരിശോധിക്കപ്പെടണമെന്നാണ് ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button