കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുളള ഹര്‍ജികള്‍ പരിഗണിക്കുന്നതിന് രൂപീകരിച്ച പ്രത്യേക ഹൈക്കോടതി ബെഞ്ചിന്റെ ആദ്യ സിറ്റിങ് ഇന്ന് . ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുളള വിവിധ ഹര്‍ജികളാണ് പ്രത്യേക ബെഞ്ചിന് മുന്നിലുളളത്. ഹര്‍ജികളില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട മറ്റൊരു ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതും ഇന്ന് പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.
അതേസമയം, ലൈംഗീകാതിക്രമ കേസില്‍ പ്രതിയായ സംവിധായകന്‍ വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്ക് പിന്നില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിന്റെ ആരോപണം. കഥാ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. 2 വര്‍ഷം മുന്പ് കൊല്ലത്തുവച്ച് അതിക്രമം നടന്നുവെന്നാണ് പരാതിയില്‍ ഉള്ളത്. ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ബലാത്സംഗക്കേസില്‍ പ്രതിയായ അഭിഭാഷക അസോസിയേഷന്‍ നേതാവ് വി.എസ്.ചന്ദ്രശേഖറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പറയും. മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിനിയായ നടി തന്നെയാണ് അഭിഭാഷകനെതിരെയും പരാതി നല്‍കിയത്. ഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തത്. ഇത് കോടതി പ്രത്യേകം പരിഗണിച്ചിരുന്നു.
44 1 minute read