കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. അന്വേഷണ സംഘം റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ കഴിയുമോയെന്ന കാര്യം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ എ.കെ. ജയശങ്കര്‍ നമ്പ്യാരും സി.എസ്. സുധയും ചേര്‍ന്ന രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് തടയിടണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. മാധ്യമങ്ങള്‍ക്ക് തടയിടില്ലെന്നും എന്നാല്‍ അന്വേഷണ സംഘത്തിന് മേല്‍ മാധ്യമങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും കോടതി വ്യക്തമാക്കി. സ്ത്രീകള്‍ മൈനോറിറ്റിയല്ല മെജോറിറ്റിയാണെന്നും കോടതി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടായാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കാം. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടിയും സ്വീകരിക്കാതെ അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ വന്ന കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പകരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യം വിശദമായി പഠിച്ച് അറിയിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയതിന് പിന്നാലെ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ആദ്യം നടപടിയെടുക്കേണ്ടിയിരുന്നത് സര്‍ക്കാരാണെന്നും കുറ്റകൃത്യം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കേട്ടിട്ട് എങ്ങനെ അനങ്ങാതിരിക്കാന്‍ സാധിക്കുന്നുവെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ സംഘം വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കരുതെന്നും റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. മാധ്യമ വിചാരണ പാടില്ലെന്നും കോടതി വ്യക്തമാക്കി.
45 1 minute read