BREAKING NEWSKERALA

ഹൈദരലി തങ്ങള്‍ക്ക് ഇഡി നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടി; തുറന്നടിച്ച് തങ്ങളുടെ മകന്‍.

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍. ഹൈദരലി തങ്ങള്‍ക്ക് ഇഡി നോട്ടിസ് കിട്ടാന്‍ കാരണം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് മുഈന്‍ അലി തങ്ങള്‍ ആരോപിച്ചു. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞു. ചന്ദ്രികയുമായി ബന്ധപ്പെട്ട ഈഡി നോട്ടിസിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് മുഈന്‍ അലി തങ്ങള്‍ ആരോപണമുന്നയിച്ചത്.
ഫിനാന്‍സ് മാനേജര്‍ സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുഈന്‍ അലി പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. തന്റെ പിതാവ് പാണക്കാട് ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മുഈന്‍ അലി പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പത്രത്തിന്റെ ചെയര്‍മാനും എംഡിയുമായ പാണക്കാട് തങ്ങള്‍ക്ക് ഇഡി കഴിഞ്ഞ ദിവസം വീണ്ടും നോട്ടിസ് കൈമാറിയിരുന്നു.ലീഗ് പ്രവര്‍ത്തകന്‍ ഇടപെട്ടതോടെ മുസ്ലിം ലീഗ് സംസ്ഥാനകമ്മിറ്റി ഓഫിസായ ലീഗ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുഈന്‍ അലി തങ്ങള്‍ക്കെതിരെ ലീഗ്പ്രവര്‍ത്തകന്‍ ബഹളമുണ്ടാക്കിയതോടെ വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കാതെ ലീഗ് നേതാക്കള്‍ മടങ്ങി. തുടര്‍ന്ന് ലീഗ് ഹൗസിനു പുറത്തുവച്ച് മാധ്യമങ്ങളോട് സംസാരിക്കാനുള്ള ശ്രമവും ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മുഈന്‍അലി തങ്ങള്‍ ഒഴിവാക്കി.
ഇഡി നോട്ടിസ് അയച്ച സംഭവത്തില്‍ വിശദീകരണം നല്‍കാനാണ് മുസ്ലിം ലീഗ് സംസ്ഥാനകമ്മിറ്റി ഓഫിസില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ഇതിനുശേഷമാണ് തനിക്കും ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് മുഈന്‍അലി തങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിക്കുന്നതിനിടെ ലീഗ് പ്രവര്‍ത്തകന് റാഫി പുതിയകടവ് കടന്നുവരികയും മുഈന്‍ അലിക്കെതിരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. തുടര്‍ന്ന് ലീഗ് നേതാക്കള്‍ പുറത്തേക്കിറങ്ങി. തുടര്‍ന്ന് ലീഗ് ഹൗസിന്റെ മുറ്റത്ത് വച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഈന്‍ അലിയെ സമീപിച്ചെങ്കിലും ലീഗ്പ്രവര്‍ത്തകരുള്ളതിനാല്‍ പ്രതികരിക്കാന്‍ തയാറാവാതെ മുഈന്‍അലി മടങ്ങുകയായിരുന്നു.യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റുകൂടിയായ മുഈന്‍ അലി തങ്ങള്‍ മുന്‍പും കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയതിനെതിരെ കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker