ലൈംഗികാരോപണ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവുകള്‍. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടേയും പേരുകളുണ്ട്. പ്രിവ്യൂഷോയ്ക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവെച്ചാണ് നടി മുറിയിലെത്തിയത്. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലെ പരിശോധന പൂര്‍ണമായി. 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഹോട്ടൽ താമസ രേഖകളടക്കം പൊലീസ് ശേഖരിച്ചു. കൻ്റോൺമെൻ്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകൾ ശേഖരിച്ചത്.
സിനിമയിൽ അവസരം വാദ്ഗാനം ചെയ്ത് 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വച്ച് ബലാൽസംഗം ചെയ്തുവെന്ന പരാതിയിലാണ് സിദ്ദിഖിനെതിരെ അന്വേഷണ സംഘം കേസെടുത്തത്. നിള തിയറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് കണ്ടെതെന്നും, ഇതിനു ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി.