ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു. നേരത്തെ അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി രാജിവെച്ചിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെയാണ് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ നിന്നുള്ള രാജിയും.
പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാര്‍ട്ടി രൂപീകരണം എന്നതും ഏറെ ശ്രദ്ധേയമാണ്.
താന്‍ രൂപീകരിച്ച പുതിയ പാര്‍ട്ടിയുടെ പേര് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ്. ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തന്റെ രാജിക്കത്ത് കൈമാറി. രാജിക്ക് വഴിവെച്ച കാരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏഴ് പേജടങ്ങുന്ന കത്താണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയത്. കത്തും അദ്ദേഹം ട്വീറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1965ലെ യുദ്ധത്തിന് ശേഷം സൈന്യത്തില്‍ നിന്ന് വിരമിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയിട്ട് 52 വര്‍ഷമായി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കത്ത് ആരംഭിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ അദ്ദേഹം എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ ഉന്നയിക്കുന്നത്. പല മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും മണല്‍ മാഫിയയുമായി ബന്ധമുണ്ട് എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആരോപണം.
സിദ്ധുവിനെ രാഹുലും പ്രയിങ്കയും സംരക്ഷിച്ചുവെന്നും തന്നെയും തന്റെ സര്‍ക്കാരിനെയും താഴ്ത്തിക്കെട്ടി പ്രശസ്തി നേടുകയാണ് അദ്ദേഹം ചെയ്തതെന്നും അമരീന്ദര്‍ കത്തില്‍ കുറിച്ചു.
28 1 minute read