BREAKING NEWSKERALALATESTWORLD

സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജിയുമായി ഡോ.രാജശ്രീ

ന്യൂഡല്‍ഹി: സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.രാജശ്രീ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. തന്റെ നിയമനം റദ്ദാക്കിയ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്നാണ് പുനഃപരിശോധന ഹര്‍ജിയിലെ പ്രധാന ആവശ്യം. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഇരയാകുകയായിരുന്നുവെന്നും പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
രാജശ്രീയുടെ നിയമനം വോയ്ഡ് അബ് ഇനിഷ്യോ എന്നാണ് ജസ്റ്റിസുമാരായ എം.ആര്‍.ഷായും, സി.ടി.രവികുമാറും അടങ്ങിയ ബെഞ്ച് വിധിച്ചിരുന്നത്. ഇതോടെ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും മടക്കി നല്‍കണം എന്ന ആവശ്യം ഉയര്‍ന്നേക്കാം. അതിനാല്‍ തന്നെ വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്ന് പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സെലക്ഷന്‍ കമ്മിറ്റി രൂപീകരണത്തിലോ, ഒരാളെ മാത്രം ശുപാര്‍ശ ചെയ്തതിലോ എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് നിരപരാധിയായ താന്‍ ഉത്തരവാദി അല്ല. സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയുള്ള തന്റെ നിയമനം റദ്ദാക്കുമെന്ന് ഒരു ഘട്ടത്തില്‍ പോലും സ്വപ്നം കണ്ടിരുന്നില്ല. നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സമൂഹത്തിന് മുന്നിലും സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കി. തന്നെ ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും താന്‍ അപമാനിതയായെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയില്‍ പറയുന്നു.
വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തനിക്കെതിരെ ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും പുനഃപരിശോധന ഹര്‍ജിയില്‍ ഡോ. രാജശ്രീ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളെ സംബന്ധിച്ച് പുനഃപരിശോധന ഹര്‍ജിയില്‍ വിശദമായി പരാമര്‍ശിച്ചിട്ടില്ല. അഭിഭാഷകന്‍ പി വി ദിനേശ് ആണ് പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

Related Articles

Back to top button