KERALALATEST

അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈന: സീതാറാം യെച്ചൂരി

കണ്ണൂര്‍: മോദി ഭരണത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കന്‍ വിധേയത്വമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യ അമേരിക്കയ്ക്ക് വിധേയപ്പെട്ടു. അമേരിക്കന്‍ മേധാവിത്വം ചെറുക്കുന്നത് ചൈനയാണെന്നും പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു. ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്കന്‍ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്വാഡ് സഖ്യത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് ഫാസിസ്റ്റ് അജണ്ടയാണ്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വിദേശ നയത്തേയും വിമര്‍ശിച്ചു. ബിജെപിയെ പരാജയപ്പെടുത്തണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
ബിജെപി മതധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കുന്നു. ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണം. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ വിട്ടു വീഴ്ചയില്ലാത്ത മതേതര സമീപനം വേണമെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്ത് ഇടത് പാര്‍ട്ടികള്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. നിലവിലെ വെല്ലുവിളികളെ നേരിടാന്‍ ഇടതു ചേരികള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ എന്നും സീതാറാം യെച്ചൂരി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്നും വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളം വലിയ തിരിച്ചടിയാണ് നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button