KERALALATEST

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎയും; കോടതിയില്‍ അപേക്ഷ നല്‍കി

ന്യൂഡല്‍ഹി: യു എ പി എ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എയും. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യ വ്യവസ്ഥ അലന്‍ ഷുഹൈബ് ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എന്‍ ഐ എയുടെ നീക്കം.
മറ്റൊരു കേസില്‍ ഉള്‍പ്പെടാന്‍ പാടില്ല എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് പന്തീരങ്കാവ് യു എ പി എ കേസില്‍ എന്‍ ഐ എ കോടതി അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍ ഈ മാസം ആദ്യം കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വെച്ച് വിദ്യാര്‍ത്ഥികളെ അക്രമിച്ചെന്ന് കാട്ടി എസ് എഫ് ഐ അലന്‍ ഷുഹൈബിനെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു.
ഈ കേസ് ചൂണ്ടിക്കാട്ടിയാണ് പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍ ഐ എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അലന്റെ വീട് പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള ചുമതല പന്നിയങ്കര എസ്എച്ച്ഒക്കായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അലന്റെ ജാമ്യം റദ്ദ് ചെയ്യണോയെന്ന കാര്യത്തിലടക്കം തീരുമാനമെടുക്കേണ്ടത് എന്‍ ഐ എ കോടതിയാണ്.
പാലയാട് ക്യാമ്പസില്‍ വെച്ച് ചില വിദ്യാര്‍ത്ഥികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് താന്‍ ചെയ്തതെന്നായിരുന്നു അലന്‍ പ്രതികരിച്ചത്. തന്നെ കുടുക്കാനുള്ള എസ് എഫ് ഐയുടെ ശ്രമത്തിന്റെ ഭാഗമായുള്ള കേസാണിത് എന്നായിരുന്നു അലന്റെ ആരോപണം. പോലീസ് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്ന് അലനും കുടുംബവും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

Related Articles

Back to top button