BREAKING NEWSKERALA

ആഭ്യന്തരത്തിനുമാത്രമായി മന്ത്രിവേണം: സി.പി.എം. ഇടുക്കി ജില്ലാസമ്മേളന പ്രതിനിധികള്‍

കുമളി: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണമെന്ന് സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ അക്കമിട്ടുനിരത്തിയാണ് പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. അവര്‍ക്ക് നാടുനന്നാകണമെന്ന ആഗ്രഹമില്ല.
പോലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ നല്ലപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്നു. ഇത് പരിഹരിക്കാന്‍ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണം. പോലീസില്‍ അഴിച്ചുപണിയും വേണം. ഇന്റലിജന്‍സ് സംവിധാനം പരാജയമാണ്. പോലീസിലെ ഒരുവിഭാഗം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടരെ കണ്ടെത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പോലീസ് അസോസിയേഷന്‍ ഇക്കാര്യങ്ങളില്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ല. ഒറ്റുകാരെയും സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പോലീസ് സംഘടനാസംവിധാനം കാര്യക്ഷമമാക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സ്ത്രീവിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ മാപ്പുപറഞ്ഞാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
പോലിസിന്റെ വീഴ്ചകള്‍ തുറന്നുസമ്മതിച്ച്, സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പോലീസിന്റെ ഇടക്കാല പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ വികാരത്തെ മാനിക്കുന്നതായും വകുപ്പിലെ വിഷയം മുഖ്യമന്ത്രിയുമായി അടിയന്തരമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി.
സി.പി.ഐ.യെ കോടിയേരി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സി.പി.ഐ.യുടെ വകുപ്പുകള്‍ സര്‍ക്കാരിന് ബാധ്യതയാകുന്നുണ്ട്. റവന്യൂകൃഷി വകുപ്പുകള്‍ ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധം മൃഗങ്ങളുമായിട്ടാണെന്നും മനുഷ്യരുമായി ബന്ധമില്ലാത്തതിനാലാണ് മൃഗങ്ങളെപ്പോലെ പെരുമാറുന്നതെന്നും കോടിയേരി ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു. സി.പി.ഐ.യ്‌ക്കെതിരായി സമ്മേളന പ്രതിനിധികളുയര്‍ത്തിയ വിമര്‍ശനത്തെ പിന്തുണച്ചായിരുന്നു കോടിയേരിയുടെ പ്രസംഗം.
രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണെന്ന ആക്ഷേപവും സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ബന്ധത്തിലൂടെ വോട്ടുവിഹിതം കാര്യമായി വര്‍ധിപ്പിക്കാനായില്ലെന്നും കോടിയേരി പറഞ്ഞു.

Related Articles

Back to top button