KERALALATEST

ഇന്ധന വില വര്‍ധിക്കുന്നത് എനിക്കും പ്രശ്‌നമാണ്, എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടില്ല; അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് തന്നേയും ബാധിക്കുന്ന പ്രശ്നമാണെന്ന് തുറന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. പെട്രോളിന്റെയും ഡീസലിന്റെയും വില കുതിക്കുകയാണല്ലോ എന്ന ചോദ്യത്തിനാണ് അല്‍ഫോണ്‍സ് കണ്ണന്താനം, ‘അത് ഞാന്‍ അംഗീകരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില പ്രശ്നമാണ്. എനിക്കും പ്രശ്നമാണ്, എല്ലാവര്‍ക്കും പ്രശ്നമാണ്,’ എന്ന് മറുപടി പറഞ്ഞത്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.

പാചകവാതക വില വര്‍ധനവിനെയും കണ്ണന്താനം വിമര്‍ശിച്ചു. പ്രചാരണത്തിന് വോട്ട് തേടി ചെല്ലുമ്പോള്‍ ആളുകള്‍ ഇതേ കുറിച്ചെല്ലാം ചോദിക്കില്ലേയെന്ന ചോദ്യത്തിന്, ‘ഇതൊന്നും പ്രശ്നമല്ലെന്ന് ഞാന്‍ പറയുന്നില്ല. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടുവെന്ന് ഞങ്ങള്‍ പറയുന്നില്ല. അതുകൊണ്ടാണല്ലോ ഇനിയും നമ്മള്‍ അധികാരത്തില്‍ വരണമെന്ന് പറയുന്നത്. കോണ്‍ഗ്രസും മറ്റുള്ളവരുമെല്ലാം കൂടെ ഭരിച്ചിട്ട് ഇവിടെ എല്ലാം കുളമാക്കി. കുറെ പ്രശ്നങ്ങള്‍ ഉണ്ടാക്കി. അതു നമുക്ക് മൂന്ന് വര്‍ഷം കൊണ്ടോ അഞ്ച് വര്‍ഷം കൊണ്ടോ തീര്‍ക്കാവുന്ന പ്രശ്നങ്ങളല്ല.’- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കുറെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കും പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ക്കും നമ്മള്‍ പരിഹാരം കണ്ടു. ബിസിനസ് തുടങ്ങാനും ജോലികള്‍ക്കുമുള്ള അന്തരീക്ഷമുണ്ടാക്കി. ഇനി അടുത്ത ഘട്ടത്തിലേക്ക് നമ്മള്‍ പോകണം. എല്ലാം നമ്മള്‍ ചെയ്തുതീര്‍ത്തിട്ടില്ല. പെട്രോള്‍ വില വര്‍ധനവ് അത്തരത്തിലൊരു പ്രശ്നമാണ്. അതിനും പരിഹാരം കാണണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധനവില ഉയരാതെ നില്‍ക്കുകയാണ്. 2021ല്‍ തുടര്‍ച്ചയായി ഇന്ധനവില വര്‍ധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ത്യയിലെ പലയിടത്തും പെട്രോള്‍ വില 100 തൊട്ടതും വലിയ ആശങ്കയുണ്ടാക്കി. പെട്രോള്‍ഡീസല്‍പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിരുന്നു.

Related Articles

Back to top button