BREAKING NEWSKERALA

‘ഇബ്രാഹിമിന് കുഞ്ഞിന്റെ ഫോട്ടോ അയച്ചു, ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്ത് നീതു’, കാമുകന് സംഭവവുമായി ബന്ധമില്ല

കോട്ടയം: മെഡിക്കല്‍ കോളജില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നീതുരാജിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയ്ക്കു പങ്കില്ലെന്ന് പൊലീസ്. എസ്പി ഡി. ശില്‍പ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബ്ലാക്ക് മെയിലിങ് നടത്തി പണം തട്ടിക്കുകയല്ല മറിച്ച് ഇബ്രാഹിമുമുള്ള ബന്ധം തകരാതെ സംരക്ഷിക്കുകയായിരുന്നു നീതുവിന്റെ ലക്ഷ്യമെന്ന് എസ്പി പറഞ്ഞു. കുട്ടിയെ തട്ടിയെടുത്തു മുറിയിലേക്കു കൊണ്ടുപോയ നീതു, കുഞ്ഞിന്റെ ഫോട്ടോ ഇബ്രാഹിമിന് അയച്ചുകൊടുത്തു. താന്‍ പ്രസവിച്ച കുഞ്ഞാണെന്ന് അവകാശപ്പെട്ടാണു ഫോട്ടോ അയച്ചത്. രണ്ടു പേരും പൊലീസ് കസ്റ്റഡിയിലാണെന്നും എസ്പി ഡി. ശില്‍പ വ്യക്തമാക്കി.
ഇബ്രാഹിം ബാദുഷയെയും അയാളുടെ കുടുംബത്തെയും നീതുരാജ് വിഡിയോ കോള്‍ ചെയ്തു കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിച്ചു. ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പോകുമെന്നാണ് ഇബ്രാഹിമിനെ അറിയിച്ചത്. എന്നാല്‍ കോട്ടയത്ത് പഠിച്ചിട്ടുള്ള നീതു മെഡിക്കല്‍ കോളജിലെത്തുകയായിരുന്നു. ഇബ്രാഹിമുമായുള്ള ബന്ധം തുടരാനാണ് നീതു കുഞ്ഞിനെ തട്ടിയെടുത്തതെന്നും പൊലീസ് പറഞ്ഞു.
കാമുകന്‍ മറ്റൊരു വിവാഹത്തിലേക്കു കടക്കാന്‍ ശ്രമിച്ചതു തടയാനാണു കുഞ്ഞിനെ തട്ടിയെടുത്തത്. കാമുകനെ പരിചയപ്പെട്ടത് ടിക്ടോക് വഴിയാണ്. നീതു നേരത്തെ ഗര്‍ഭിണിയിയായിരുന്നു. എന്നാല്‍ ഇത് അബോര്‍ഷനായി. ഇതു കാമുകനെ അറിയിച്ചില്ല. പകരം കുഞ്ഞിനെ പ്രസവിച്ചെന്നു വരുത്തി തീര്‍ക്കാനാണു മോഷണം പ്ലാന്‍ ചെയ്തത്.
ഇബ്രാഹിം, നീതുരാജിന്റെ കയ്യില്‍നിന്ന് പണം വാങ്ങിയിട്ടുണ്ട്. അതു കുഞ്ഞിനെ തട്ടിയെടുത്ത കേസുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ശില്‍പ പറഞ്ഞു. വ്യാഴാഴ്ചയാണു കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഇടുക്കി സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. കുഞ്ഞുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നീതുരാജിനെ അല്‍പസമയത്തിനുള്ളില്‍ തന്നെ പൊലീസ് പിടികൂടി.
നാലിന് കോട്ടയത്ത് എത്തിയ നീതു മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ നേരത്തെ എത്തി സാഹചര്യം വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് മോഷണം നടത്തിയത്. നീതുവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു തെളിവെടുക്കും. തുടര്‍ന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button