BREAKING NEWSKERALA

എതിര്‍പ്പിന്റെ മുന്നില്‍ വഴങ്ങി കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മ്മം; കെ റെയിലില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി

കൊച്ചി: കെ റെയില്‍ പദ്ധതി എംഎല്‍എമാരുമായാണ് ആദ്യം ചര്‍ച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് പൗരപ്രമുഖരോട് സംവദിക്കുന്ന ജനസമക്ഷം പരിപാടിയില്‍ പറഞ്ഞു. പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പശ്ചാത്തല സൗകര്യം മെച്ചപെട്ടില്ലെങ്കില്‍ നാടിന്റെ പൊതു വികസനത്തെ തന്നെ അത് ബാധിക്കുമെന്ന വാദമാണ് മുഖ്യമന്ത്രി പിന്നെയും ഉയര്‍ത്തുന്നത്. എതിര്‍പ്പുയര്‍ന്ന മുന്‍ പദ്ധതികള്‍ നടപ്പാക്കിയ ചരിത്രവും മുഖ്യമന്ത്രി വേദിയില്‍ ആവര്‍ത്തിച്ചു. ദേശീയ പാത വികസനത്തിന് ഭൂമി നല്‍കാന്‍ എതിര്‍ത്തവരെ കാര്യങ്ങള്‍ ബോധ്യപെടുത്താനായി, ഗെയില്‍ പദ്ധതി നടക്കില്ല എന്ന് കരുതി ഉപേക്ഷിച്ചതായിരുന്നു എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കാനായി. വലിയ എതിര്‍പ്പ് ഉയര്‍ന്ന ആ വിഷയത്തില്‍ ഇപ്പോള്‍ ആര്‍ക്കും പരാതിയില്ല. ഇതാണ് നാടിന്റെ അനുഭവം. മുഖ്യമന്ത്രി പറയുന്നു.
നാടിനു ആവശ്യമുള്ള പദ്ധതികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല, എതിര്‍പ്പിന്റെ മുന്നില്‍ വഴങ്ങി കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മ്മം. പിടിവാശി കാട്ടിയാല്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം, ബജറ്റ് വിഹിതം കൊണ്ട്. വലിയ പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിശദീകരിച്ച മുഖ്യമന്ത്രി കിഫ്ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുവെന്നും ആവര്‍ത്തിച്ചു.
കെ റെയില്‍ മാത്രമല്ല സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന പദ്ധതി. മറ്റുപദ്ധതികളുമുണ്ട്, കെ റെയില്‍ ആണ് പ്രധാനപ്പെട്ടത്. സില്‍വര്‍ ലൈനുമായി ബന്ധപെട്ട് നിയമ സഭയില്‍ ചര്‍ച്ച ഉണ്ടായില്ലെന്ന് മാധ്യമങ്ങള്‍ പറയുന്നു, പക്ഷെ ആദ്യം ചര്‍ച്ച ചെയ്തത് എംഎല്‍എമാരുമായിട്ടാണ്. പ്രധാനപ്പെട്ട കക്ഷി നേതാക്കള്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്, അടിയന്തിര പ്രമേയ അവതരണ അനുമതി തേടിയതാണ്. പല ഘട്ടങ്ങളിലും മറുപടി സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട് ഒന്നും മറച്ചു വെച്ചിട്ടില്ല. എല്ലാം കഴിഞ്ഞ നിയമസഭാ കാലയളവില്‍ നടന്ന കാര്യങ്ങളാണ്. ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പദ്ധതി നാടിനു ആവശ്യമാണ് നാടിന്റെ വികസനത്തില്‍ താത്പര്യമുള്ള എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ ഇല്ലെങ്കില്‍ എപ്പോള്‍ എന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ എണ്ണം കുറക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.
നഷ്ടപരിഹാരത്തിന് 13265 കൊടി രൂപയാണ് വേണ്ടി വരിക. സാമൂഹ്യ ആഘാത പഠനത്തിന് അതിര്‍ത്തികളില്‍ കല്ലിടണം, ആ നടപടി പുരോഗമിക്കുന്നു. സാമൂഹ്യ ആഘാതം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി പരിസ്ഥിതി ദോഷമുണ്ടാക്കില്ലെന്നും പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാകില്ലെന്നും മുഖ്യമന്ത്രി കൊച്ചിയിലെ ചര്‍ച്ചയില്‍ പറഞ്ഞു. പദ്ധതി പ്രളയത്തിന് കാരണമാകുമെന്നതും തെറ്റായ പ്രചാരണമാണെന്നാണ് വാദം. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്നതും തെറ്റായ പ്രചാരണമാണ്. റെയില്‍ പാത ഇരട്ടിപ്പിക്കലുകൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും പിണറായി പറയുന്നു.
കുറഞ്ഞ പലിശയ്ക്ക് പദ്ധതിക്കായി വായ്പ സ്വീകരിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി ഇതിനായി രാജ്യാന്തര ഏജന്‍സികളുമായി സഹകരിക്കുമെന്നും അറിയിച്ചു. ബാക്കി പണം കേന്ദ്ര സംസ്ഥാന വിഹിതത്തില്‍ വരും. രണ്ടു കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണം. ബാക്കി 3 വര്‍ഷം നിര്‍മാണത്തിന്. പദ്ധതി വൈകിയാല്‍ ചിലവ് കൂടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. വേഗത്തില്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മ്മാണ സമത്ത് അമ്പതിനായിരം തൊഴിലവസരങ്ങള്‍ പദ്ധതി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Related Articles

Back to top button