BREAKING NEWSLATESTNATIONAL

എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്?

ഒരു ഇടവേളയ്ക്കു ശേഷം നാഷണല്‍ ഹെറാള്‍ഡ് കേസ് വീണ്ടും സജീവമായിരിക്കുന്നു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മകനും മുതിര്‍ന്ന നേതാവുമായ രാഹുല്‍ ഗാന്ധി എംപി എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേസ് വീണ്ടും സജീവ ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍, സാധാരണക്കാരില്‍ പലര്‍ക്കും ഇപ്പോഴും അറിയില്ല എന്താണ് ഈ നാഷണല്‍ ഹെറാള്‍ഡ് കേസ് എന്ന്. രാഹുലിനെ എന്തിനു ചോദ്യം ചെയ്യുന്നു എന്നും അവര്‍ പരസ്പരം ചോദിക്കുന്നു.

എന്താണ് നാഷണല്‍ ഹെറാള്‍ഡ്?
1938ല്‍, സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പായി പ്രഥമപ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ മുതുമത്തച്ഛനുമായ ജവര്‍ലാല്‍ നെഹ്രു തുടങ്ങിയതാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി നിര്‍മിക്കപ്പെട്ട ഒന്നാണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിച്ചിരുന്നത്.
1937ല്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് (എജെഎല്‍) എന്ന കമ്പനിയാണ് ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നത്. 5,000 സ്വാതന്ത്ര്യ സമര സേനാനികളെ ഓഹരി ഉടമകളാക്കിയാണ് പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഈ കമ്പനി ഖ്വാമി ആവാസ് എന്ന ഉര്‍ദ്ദുവിലും നവജീവന്‍ എന്ന ഹിന്ദിയിലുമായി രണ്ട് പത്രങ്ങള്‍കൂടി ഈ കമ്പനി തുടങ്ങിയിരുന്നു.
ആദ്യകാലങ്ങളില്‍ നെഹ്രു ശക്തമായ ലേഖനങ്ങളും മറ്റും എഴുതി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട്, 1942 ബ്രിട്ടീഷ് ഭരണകൂടം പത്രത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. 1947ല്‍ സ്വാതന്ത്ര്യ ലഭിച്ചതിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിന് വേണ്ടിം അദ്ദേഹം പത്രത്തിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്?
2012ലാണ് ഗാന്ധി കുടുംബത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് അടച്ചുപൂട്ടുന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. പത്രത്തിന്റെ ബാധ്യത തീര്‍ക്കുന്നതിന് നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് കോണ്‍ഗ്രസ് 90 കോടി രൂപ നല്‍കി. എന്നാല്‍, ഈ തുക തിരിച്ചടക്കാന്‍ എജെഎല്ലിന് കഴിഞ്ഞില്ല.
2010ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറകട്ര്‍മാരായി യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുകയും. കോണ്‍ഗ്രസ് നല്‍കിയ വായ്പ പിന്നീട്, യംഗ് ഇന്ത്യയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു.
ഇതിന് പിന്നാലെ എജിഎല്‍ യംഗ് ഇന്ത്യയ്ക്ക് പണം നല്‍കേണ്ടതായി വന്നു. എന്നാല്‍, രണ്ടായിരം കോടിയോളം വരുന്ന ആസ്തി സോണിയയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയുടെ പേരിലാകുകയും ചെയ്യുകയായിരുന്നു. ഇതാണ് ഇത്തരത്തില്‍ ഒരു കേസ് നല്‍കാന്‍ സുബ്രഹ്മണ്യം സ്വാമിയെ പ്രേരിപ്പിച്ചത്.
ദശലക്ഷക്കണക്കിന് മൂല്യമുള്ള സ്വത്തുക്കള്‍ തെറ്റായ രീതിയില്‍ ഏറ്റെടുക്കാന്‍ ഗാന്ധി കുടുംബം തന്ത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് സ്വാമി ആരോപിക്കുന്നു. ഡല്‍ഹി, ലഖ്‌നൗ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന എജെഎല്ലിന്റെയും അതിന്റെ റിയല്‍ എസ്റ്റേറ്റിന്റെയും മേല്‍ യംഗ് ഇന്ത്യ പൂര്‍ണ നിയന്ത്രണം നേടിയെന്നും ബിജെപി നേതാവ് ആരോപിച്ചിട്ടുണ്ട്.

സുബ്രഹ്മണ്യം സ്വാമിയുടെ പ്രധാന ആരോപണങ്ങള്‍ ഇങ്ങനെ,
1. പൊതുസ്വത്ത് സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചു.
2. ഇതിന് വേണ്ടി ഗൂഡാലോചന നടത്തി.
3. ഓഹരി ഉടമകളെ അറിയിക്കാതെ വഞ്ചിച്ചു.
4. വസ്തുവകകള്‍ നിസാര വിലയ്ക്ക് കൈവശപ്പെടുത്താന്‍ ശ്രമം നടത്തി.

ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് പുറമെ, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് ട്രഷറര്‍ മോത്തിലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ദുബെ, സാങ്കേതിക വിദഗ്ദ്ധന്‍ സാം പിത്രോദ എന്നിവരേയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. മോത്തിലാല്‍ വോറയുടെ മരണത്തേ തുടര്‍ന്ന് കോടതി അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഓസ്‌കാര്‍ ഫെര്‍ണാണ്ടസും അന്തരിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസ് അന്വേഷണം
2014ല്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോടതി വിളിച്ചുവരുത്തി. പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇഡിയും അന്വേഷണം തുടങ്ങിയിരുന്നു. പിന്നീട്, തെളിവില്ലെന്ന് കണ്ട് 2015ല്‍ അന്വേഷണം അവസാനിപ്പിച്ചു.
എന്നാല്‍, അന്ന് അന്വേഷിച്ച രാജന്‍ കട്ടോച്ച് എന്ന ഉദ്യോഗസ്ഥനെ മാറ്റി സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ മോദി സര്‍ക്കാര്‍ കേസ് തുടര്‍ന്നു. 2015ല്‍ ഡല്‍ഹിയില്‍ നിന്നും സോണിയാ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതികള്‍ ജാമ്യമെടുക്കുകയും ചെയ്തു.
2016 ഫെബ്രുവരിയില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളും ക്രിമിനല്‍ നടപടികള്‍ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ യംഗ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്നും യംഗ് ഇന്ത്യ അനുകൂല വിധി നേടുകയും ചെയ്തു. ഇതിനിടെ കേസില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങി കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സോണിയഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും നോട്ടീസ് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ വിശദീകരണം എന്താണ്?
ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈര്യം തീര്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രത്യാരോപണം. ഏറ്റവുമധികം കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ഈ കേസില്‍ ഭയപ്പെടില്ലെന്നും അതിനെതിരെ പോരാടുമെന്നും വ്യക്തമാക്കുന്നു.
ഹെറാള്‍ഡ് പ്രസാധകരായ എജെഎല്ലിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് പണം നല്‍കി രക്ഷകനായത് അതിന്റെ ചരിത്രപരമായ പൈതൃകത്തില്‍ വിശ്വസിച്ചതുകൊണ്ടാണെന്ന് പാര്‍ട്ടി പറയുന്നു. കാലക്രമേണ, കോണ്‍ഗ്രസ് എജെഎല്ലിന് ഏകദേശം 90 കോടി രൂപ കടം നല്‍കുകയും ചെയ്തു.
2010ല്‍ പാര്‍ട്ടി എജെഎല്‍ അതിന്റെ കടം ഓഹരിയായി മാറ്റുകയും ചെയ്തു. പുതിയതായി സൃഷ്ടിച്ച യംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഷെയറുകള്‍ നല്‍കിയപ്പോള്‍ കടത്തില്‍ നിന്ന് മുക്തമായിട്ടുണ്ട്. യംഗ് ഇന്ത്യ ഒരിക്കലും ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയല്ലെന്നും അതിനാല്‍ തന്നെ ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍മാര്‍ക്കോ ലാഭവിഹിതം നല്‍കാറുമില്ലെന്നും കോണ്‍ഗ്രസ് ന്യായീകരിക്കുന്നു.

Related Articles

Back to top button