KERALALATEST

എന്‍.സി.പിയിലും മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍; ആദ്യം ശശീന്ദ്രന്‍, പിന്നാലെ തോമസ് കെ. തോമസ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ലഭിച്ച മന്ത്രി സ്ഥാനം ടേം വ്യവസ്ഥയില്‍ പങ്കുവയ്ക്കാന്‍ എന്‍.സി.പി തീരുമാനം. ഇതനുസരിച്ച് ആദ്യ രണ്ടരവര്‍ഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും. എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
കഴിഞ്ഞ മന്ത്രിസഭയിലും എ.കെ. ശശീന്ദ്രന്‍ അംഗമായിരുന്നു. അതിനാല്‍ മന്ത്രിസ്ഥാനത്തിന് തുടര്‍ച്ച വേണമെന്നാണ് ശശീന്ദ്രന്‍ വിഭാഗം പാര്‍ട്ടിയില്‍ ഉന്നയിച്ചത്. എന്നാല്‍ തോമസ് കെ. തോമസിനെ അനുകൂലിക്കുന്നവര്‍ ഇതിനെതിരേ രംഗത്തെത്തി. ഇതോടെയാണ് മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍ വീതംവെയ്ക്കാന്‍ തീരുമാനിച്ചത്.
എലത്തൂരില്‍നിന്നാണ് എ.കെ. ശശീന്ദ്രന്‍ ഇത്തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2016ലെ പിണറായി സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയായിരുന്നെങ്കിലും ഫോണ്‍വിളി വിവാദത്തില്‍ 2017ല്‍ രാജിവെച്ചു. പിന്നീട് കേസില്‍ കുറ്റവിമുക്തനായതോടെ മന്ത്രിസഭയില്‍ തിരിച്ചെത്തുകയായിരുന്നു. കുട്ടനാട്ടില്‍നിന്നുള്ള എം.എല്‍.എയാണ് തോമസ് കെ. തോമസ്. അന്തരിച്ച മുന്‍ എന്‍.സി.പി. മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്.

Related Articles

Back to top button