BREAKING NEWSKERALA

എ.കെ.ജി സെന്റര്‍ ആക്രമണം; ജിതിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യ അപേക്ഷയും ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ കസ്റ്റഡി അപേക്ഷയും, ജാമ്യ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ജിതിനാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തിയത്. എന്നാല്‍ സ്‌കൂട്ടര്‍ ആരുടേതാണെന്നോ എറിഞ്ഞ സ്‌ഫോടക വസ്തു ഏതാണെന്നോ പ്രതി വ്യക്തമാക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സംഭവ ദിവസം ഉപയോഗിച്ച ഫോണും സ്‌കൂട്ടറും അന്വേഷണ സംഘത്തിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഗൂഢാലോചന കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കുന്നതായും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മണ്‍വിള സ്വദേശിയായ ജിതിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനെ കണ്ടെത്താന്‍ സഹായിച്ചത് ആക്രമണ സമയത്തെ ദൃശ്യങ്ങളില്‍ കണ്ട കാറും ടീഷര്‍ട്ടുമായിരുന്നു. ആക്രമണശേഷം സ്‌കൂട്ടര്‍ കാറിന്റെ സമീപത്ത് നിര്‍ത്തിയതായി കണ്ടെത്തിയിരുന്നു.
കാര്‍ ജിതിന്റേതാണെന്ന് തെളിഞ്ഞതാണ് കേസില്‍ നിര്‍ണായകമായത്. ആക്രമണ ശേഷം ജിതിന്‍ ഗൗരീശപട്ടത്ത് എത്തിയെന്നും ഇവിടെ നിന്ന് കാറില്‍ കയറി പോയെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. മാത്രമല്ല പ്രതിയുടെ ടീഷര്‍ട്ടും ഷൂസും പ്രധാന തെളിവുകളായി. ഈ ടീഷര്‍ട്ടായിരുന്നു സിസിടിവി ദൃശ്യങ്ങളില്‍ പ്രതി അണിഞ്ഞിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. സംഭവത്തില്‍ ജിതിന്റെ പേര് പ്രാരംഭഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നു.

Related Articles

Back to top button