BREAKING NEWSLATESTNATIONAL

ഒമിക്രോണ്‍ ഭീതി: ക്രിസ്മസിനും ന്യൂഇയറിനും നിയന്ത്രണം കടുപ്പിക്കും

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ ക്രിസ്മസ്പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ് (57 പേര്‍ക്ക്). ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയത്. ക്രിസ്മസ്പുതുവത്സര ആഘോഷങ്ങള്‍ക്ക് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തി.
സാമൂഹ്യസാംസ്‌കാരിക ഒത്തുചേരലുകള്‍ക്കെല്ലാം വിലക്കുണ്ട്. ഹോട്ടലുകളിലും പബ്ബുകളിലും 50 ശതമാനം ആളുകള്‍ക്കെ പ്രവേശനമുള്ളു. പൊതുയോഗം, കല്യാണം, സമ്മേളനങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.
മഹാരാഷ്ട്രയില്‍ 54 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി ഡിസംബര്‍ 16 മുതല്‍ 31 വരെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ കടകളിലും പൊതു ഗതാഗത വാഹനങ്ങളിലും പ്രവേശനമുള്ളു. വാക്‌സിന്‍ എടുക്കാത്തവര്‍ മറ്റുള്ളവര്‍ക്കൊപ്പം പൊതുഗതാഗത വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും അറിയിച്ചു.
200ലധികം ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ക്ക് വാര്‍ഡ് ഓഫീസര്‍മാരില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണം. ഇന്‍ഡോര്‍ ഹാളുകളില്‍ നടക്കുന്ന പരിപാടിക്ക് സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായും നിജപ്പെടുത്തി.
എല്ലാ പൊതുപരിപാടികള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു എംജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഒരിടത്തും പൊതു ചടങ്ങുകളോ ആഘോഷ പരിപാടികളോ നടത്തരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
ഹോട്ടലുകളിലും ക്ലബ്ബുകളിലും 50 ശതമാനം പേര്‍ക്കെ പ്രവേശനമുള്ളു. എന്നാല്‍ പ്രത്യേക പുതുവത്സര പാര്‍ട്ടിയോ ഡിജെ പരിപാടിയോ നടത്താന്‍ അനുമതിയില്ല. ഇത്തരം കേന്ദ്രങ്ങളിലെ മുഴുവന്‍ ജീവക്കാരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരും ആയിരിക്കണം.
ഗുജറാത്തില്‍ 11 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ രാത്രികാല കര്‍ഫ്യൂ ഡിസംബര്‍ 31 വരെ നീട്ടി. രാത്രി 1 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ. ഹോട്ടലുകളിലും വ്യായാമ കേന്ദ്രങ്ങളിലും 75 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളു.
രണ്ട് ഡോഡ് വാക്‌സിനും സ്വീകരിക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശനം നിരോധിക്കാനാണ് ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. കല്യാണ ഹാളുകള്‍, ഹോട്ടല്‍, ബാങ്ക്, സര്‍ക്കാര്‍ ഓഫീസ്, ബസ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് അറിയിച്ചു.
ഇനിയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ കൂടുതല്‍ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബ് സര്‍ക്കാരിന്റെ നടപടി. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തവര്‍ക്ക് മാത്രമേ ശമ്പളം വിതരണം ചെയ്യുകയുള്ളു.
ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീതിയും രോഗവ്യാപനം തടയുന്നതും ഉള്‍പ്പെടെയുള്ള നടപടികളും ചര്‍ച്ചചെയ്യാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം വ്യാഴാഴ്ച ചേര്‍ന്നേക്കും. നിലവില്‍ 223 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളില്‍ 10 ശതമാനം വര്‍ധനവുണ്ടായാലോ ഐസിയു ബെഡുകളില്‍ 40 ശതമാനം രോഗികളെത്തിയാലോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

Related Articles

Back to top button