BREAKING NEWSKERALA

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ‘ബുദ്ധി’ അര്‍ജുന്റേതെന്ന് കസ്റ്റംസ്

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്തിന്റെ ‘ബുദ്ധികേന്ദ്രം’ അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്. ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖിന്റെ മൊഴിയെത്തുടര്‍ന്നാണ് കണ്ണൂര്‍ അഴീക്കല്‍ കൊവ്വലോടി ആയങ്കിവീട്ടില്‍ അര്‍ജുനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് അര്‍ജുന് വേണ്ടിയായിരുന്നെന്ന ഷെഫീഖിന്റെ മൊഴി അര്‍ജുന്‍ നിഷേധിച്ചു. അതേസമയം സ്വര്‍ണക്കടത്തിനെക്കുറിച്ച് തനിക്ക് വ്യക്തമായ അറിവുണ്ടായിരുന്നതായി അര്‍ജുന്‍ കസ്റ്റംസിനോട് സമ്മതിച്ചു.
മൊബൈല്‍ഫോണ്‍ അടക്കമുള്ള തെളിവുകള്‍ അര്‍ജുന്‍ നശിപ്പിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പഠിപ്പിച്ചുവിട്ടതു പോലെയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. കേസിലെ രണ്ടാംപ്രതിയായാണ് അര്‍ജുനെ ചേര്‍ത്തിരിക്കുന്നത്. എറണാകുളം സാമ്പത്തിക കോടതിയില്‍ ഹാജരാക്കിയ അര്‍ജുനെ ജൂലായ് ആറുവരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. മുഹമ്മദ് ഷെഫീഖിനെ കൊച്ചി പ്രിവന്റീവ് കമ്മിഷണറേറ്റില്‍ എത്തിച്ചു. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
വിമാനത്താവളത്തില്‍ എത്തിയത് സുഹൃത്ത് റെമീസിനൊപ്പമായിരുന്നു എന്നാണ് അര്‍ജുന്റെ മൊഴി. റെമീസ് ദുബായിലായിരുന്നപ്പോള്‍ 15,000 രൂപ ഒരാള്‍ക്ക് കടം നല്‍കിയിരുന്നു. അയാള്‍ വിമാനത്താവളത്തില്‍ എത്തുന്നുണ്ടെന്നറിഞ്ഞ് ആ പണം വാങ്ങാനാണ് എത്തിയത്. വിലക്കപ്പെട്ട ചില ‘സാധനങ്ങള്‍’ ഷെഫീഖ് എത്തിക്കുന്നുണ്ടെന്നും ഇതിന് 45,000 രൂപ പ്രതിഫലം കിട്ടുമെന്നും അറിയാമായിരുന്നു.
ഇയാളുടെ വാട്‌സാപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും തെളിയിക്കുന്നത് അര്‍ജുന് കള്ളക്കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് മാത്രമല്ല, യഥാര്‍ഥ ബുദ്ധികേന്ദ്രമാണെന്നാണെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്തില്‍ തന്റെ കാറുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്ന സമയത്ത് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും രക്ഷപ്പെടാനുള്ള പരക്കംപാച്ചിലിലാണ് മൊബൈല്‍ ഫോണ്‍ ഒരു പുഴയില്‍ നഷ്ടപ്പെട്ടതെന്നും അര്‍ജുന്‍ പറഞ്ഞു. എന്നാല്‍ അര്‍ജുന്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അര്‍ജുന്റെ അഭിഭാഷകന്‍ വാദിച്ചു.
പുറത്തുവിട്ടാല്‍ അര്‍ജുന്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പിടികൂടിയ സ്വര്‍ണം ഒരുകോടിക്ക് മുകളില്‍ മൂല്യമുള്ളതായതിനാല്‍ കസ്റ്റംസ് ആക്ട് 104 പ്രകാരം ജാമ്യത്തിന് അര്‍ഹതയില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button