BREAKING NEWSNATIONAL

കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനം പുനഃപരിശോധിക്കണം: മനേകാ ഗാന്ധി

കൊച്ചി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അനുവാദം നല്‍കാനുള്ള അധികാരം, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുന്‍കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി. തീരുമാനം പുനഃപരിശോധിക്കണമെന്ന് മനേക സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് മനേക കത്തയച്ചു. കാട്ടുപന്നികള്‍ ഉപകാരമുള്ള ജീവികളാണെന്നും പരിസ്ഥിതിയുടെ സന്തുലനം നിലനിര്‍ത്താന്‍ അവ ആവശ്യമാണെന്നും കത്തില്‍ മനേക ചൂണ്ടിക്കാണിക്കുന്നു. മുളച്ചു വരുന്ന ചെടിത്തൈകളുടെ വളര്‍ച്ച തടയുന്ന ബ്രാക്കന്‍ എന്ന ഒരുതരം ചെടി വനങ്ങളില്‍ കാണാറുണ്ട്. ഈ ചെടി ഭക്ഷിക്കുന്ന ഏകമൃഗം കാട്ടുപന്നിയാണ്. അതിനാല്‍ത്തന്നെ കാട്ടുപന്നികളെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് മനേക കത്തില്‍ പറയുന്നു.
മാത്രമല്ല, പുലി ഉള്‍പ്പെടെയുള്ളവ കാട്ടുപന്നികളെ ആഹാരമാക്കാറുണ്ട്. ഇവയെ ലഭിക്കാതെ വരുന്നപക്ഷം പുലിയും മറ്റും സമീപത്തെ വനങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് ഇറങ്ങാന്‍ ഇടയുണ്ടെന്നും മനേക കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button