BUSINESSBUSINESS NEWS

കാപ്പി കയറ്റുമതിയില്‍ കേരളം മൂന്നാമത്; പ്രിയം മണ്‍സൂണ്‍ മലബാര്‍ കാപ്പിയോട്

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്ന് മൊത്തം കയറ്റുമതി ചെയ്തത് 69 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള കാപ്പി. ഇത് രാജ്യത്തെ മൊത്തത്തിലുള്ള കയറ്റുമതിയുടെ പത്ത് ശതമാനം വരും. കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കോവിഡ് മൂലം കേരളത്തില്‍ നിന്നുള്ള മൊത്തം കാപ്പി കയറ്റുമതിയില്‍ തടസമുണ്ടായെങ്കിലും മണ്‍സൂണ്‍ മലബാര്‍ കാപ്പിയുടെ ജനപ്രീതി ഏറെ വര്‍ധിച്ചെന്ന് ആഗോള ട്രേഡ് ഫിനാന്‍സ് കമ്പനിയായ ഡ്രിപ് ക്യാപിറ്റല്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ കാപ്പി വ്യവസായത്തെപ്പറ്റി പരിശോധിക്കുന്ന ഒരു റിപ്പോര്‍ട്ട് അടുത്തിടെയാണ് കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള കമ്പനി പുറത്തിറക്കിയത്.
കോവിഡ് 19, കാപ്പി മേഖലയിലെ ഇടപാടുകള്‍ ആകെ താറുമാറാക്കിയപ്പോള്‍, മണ്‍സൂണ്‍ മലബാര്‍ കാപ്പി മാത്രമാണ് പിടിച്ചുനിന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്ത്, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 11 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നിന്നുള്ള കാപ്പി കയറ്റുമതി പത്തുശതമാനം വളര്‍ച്ചയാണ് നേടിയത്. കേരളത്തിലെ പ്രധാന കാപ്പി ഉത്പാദക പ്രദേശങ്ങളായ വയനാട്, മധ്യകേരളം, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ യഥാക്രമം 55,225, 8150, 2550 മില്യണ്‍ ടണ്‍ കാപ്പിയാണ് ഉത്പാദിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വിപണിയില്‍ ഉയര്‍ന്ന വില ഈടാക്കുന്ന മണ്‍സൂണ്‍ മലബാര്‍ കാപ്പിയെ, കോഫി ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അധിക സഹായത്തോടെ ഇന്ത്യയിലെ ഉത്പാദകര്‍ക്ക് കൂടുതല്‍ ഉപയോഗപ്പെടുത്താനും പ്രയോജനപ്പെടുത്താനും സാധിക്കുമെന്ന് ഡ്രിപ് ക്യാപിറ്റല്‍ സഹസ്ഥാപകനും സിഇഒയുമായ പുഷ്‌കര്‍ മുകേവര്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button