BREAKING NEWSKERALALATEST

കായിക മേഖലയുടെ ഭാവിയില്‍ ശുഭപ്രതീക്ഷ; അഭിനന്ദിച്ച് മുഖ്യമന്ത്രി

 

തോല്‍വിയറിയാതെ കേരളം സന്തോഷ കിരീടത്തില്‍ മുത്തമിട്ടതില്‍ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ടീമിന്റെ വിജയം കൂടുതല്‍ വിജയങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി വിലയിരുത്തി. കായിക മേഖലയുടെ ഭാവിയില്‍ ശുഭപ്രതീക്ഷയുണ്ട്. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്‌ബോള്‍ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാര്‍ദ്ദമായി അനുമോദിക്കുന്നു. നിര്‍ണ്ണായക സമയത്ത് മികച്ചൊരു ഹെഡര്‍ വഴി ഗോള്‍ നേടി കേരളത്തിന് സമനില ഒരുക്കിയ സഫ്‌നാദിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സരങ്ങള്‍ക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവര്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. കൂടുതല്‍ മികവോടെ മുന്നോട്ട് പോകാനും കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. കേരളത്തിന്റെ കായിക സംസ്‌കാരം കൂടുതല്‍ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊര്‍ജമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 54ന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ കിരീടനേട്ടം. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിന് പിഴച്ചു. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്റെ കിക്കുകള്‍ എല്ലാം ഗോളായി. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്‌സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളം ഒപ്പമെത്തി.

Related Articles

Back to top button