KERALALATESTPOLITICS

കാര്‍ഷിക നിയമഭേദഗതി പ്രമേയത്തില്‍ കുടുങ്ങി ബിജെപി; ഒ രാജഗോപാലിനോട് ചോദിച്ച ശേഷം മറുപടി പറയാമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമഭേദഗതിക്കെതിരെ നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്തില്ലെന്നും ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത് എന്നുമുള്ള ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ വാക്കുകളോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊതു അഭിപ്രായത്തെ മാനിച്ച് പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തതെന്ന രാജഗോപാലിന്റെ വാക്കുകള്‍ പരിശോധിച്ച ശേഷം പാര്‍ട്ടി നിലപാട് പറയാമെന്ന് കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബിജെപി ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ഏകകണ്ഠമായാണ് നിയമസഭ പ്രമേയം പാസാക്കിയത്. പ്രമേയത്തെ താന്‍ എതിര്‍ത്തില്ലെന്നും പൊതു അഭിപ്രായത്തെ മാനിച്ചു എന്നുമാണ് രാജഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമേയത്തിലെ ചില കാര്യങ്ങളില്‍ എതിര്‍പ്പുണ്ട്. ഇക്കാര്യം സഭയില്‍ അറിയിച്ചതായും രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് എംഎല്‍എയുടെ വാക്കുകള്‍ പരിശോധിച്ച ശേഷം പാര്‍ട്ടി നിലപാട് പറയാമെന്ന് സുരേന്ദ്രന്‍ പറഞ്ഞത്. അദ്ദേഹത്തെ കാണട്ടെ. അദ്ദേഹത്തോട് ഇക്കാര്യം ചോദിച്ച ശേഷം മറുപടി പറയാമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. സാങ്കല്‍പ്പികമായ ഒരു കാര്യത്തില്‍ മറുപടി പറയാന്‍ കഴിയില്ലെന്നും വാക്കുകള്‍ പരിശോധിച്ച ശേഷം മറുപടി പറയാമെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

എന്തിനെയും എതിര്‍ക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളത്. ട്രാക്ടര്‍ വന്നപ്പോഴും ഇന്‍ഷുറന്‍സ് സ്വകാര്യവത്കരിച്ചപ്പോഴും എതിര്‍ത്തു. അതെല്ലാം സംഭവിച്ചില്ലെ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷം എന്തുകൊണ്ട് കേരളത്തില്‍ എപിഎംസി നടപ്പാക്കാന്‍ ശ്രമിക്കുന്നില്ല എന്ന് സുരേന്ദ്രന്‍ ചോദിച്ചു. എപിഎംസി ഒഴിവാക്കി ഓപ്പണ്‍ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് മത്സരിക്കാനുള്ള സാഹചര്യം ഒരുക്കി തീര്‍ക്കുന്നതാണ് പുതിയ നിയമം. എപിഎംസി നല്ലതാണെങ്കില്‍ എന്തുകൊണ്ട് ഇവിടെ നടപ്പാക്കുന്നില്ല എന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

Related Articles

Back to top button