BREAKING NEWSWORLD

കുടങ്ങള്‍ക്ക് അപാരരൂപഭംഗി; റോമാക്കാര്‍ അവ കക്കൂസ് ആയി ഉപയോഗിച്ചവയാകാമെന്ന് ശാസ്ത്രജ്ഞര്‍

ലണ്ടന്‍: പുരാതന റോമില്‍ ഉപയോഗിച്ചിരുന്ന കളിമണ്‍ കുടങ്ങള്‍ ഏറെ വിലമതിക്കുന്ന പുരാവസ്തുക്കളാണ്. കളിമണ്ണും വിലയേറിയ ലോഹമിശ്രിതങ്ങളും ഉപയോഗിച്ചു നിര്‍മിച്ച അലങ്കാരകുംഭങ്ങള്‍ പില്‍ക്കാലത്ത് പല രാജകൊട്ടാരങ്ങളിലും കാഴ്ചയ്ക്ക് വിരുന്നായി. ബ്രിട്ടീഷ് മ്യൂസിയത്തില്‍ പോലും പ്രധാന കാഴ്ചവസ്തുക്കളായി റോമന്‍ അലങ്കാരകുഭങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഈ കുടങ്ങളെപ്പറ്റി പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍.
കാഴ്ചയ്ക്ക് ഭംഗിയുള്ള ഈ കുടങ്ങള്‍ പുരാതന റോമാക്കാര്‍ മലമൂത്രവിസര്‍ജനം നടത്താനായി ഉപയോഗിച്ചിരുന്നവയാകാമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. പുരാതന റോമന്‍ നഗരമായ സിസിലിയില്‍ നിന്നു കുഴിച്ചെടുത്ത ചില കളിമണ്‍കുടങ്ങളില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. പൂച്ചെടികള്‍ നടാനും അലങ്കാരത്തിനുമായി ഉപയോഗിച്ചിരുന്ന ഈ കുടങ്ങള്‍ വിസര്‍ജ്യം സംഭരിച്ചു വെക്കാനായി ഉപയോഗിച്ചിരുന്നവയാകാമെന്നു ഗവേഷകനായ ഡോ. റോജര്‍ വില്‍സണ്‍ അഭിപ്രായപ്പെടുന്നു.
1500 വര്‍ഷം പഴക്കമുള്ള കളിമണ്‍ കുടങ്ങളാണ് ഇറ്റലിയിലെ സിസിലിയില്‍ നിന്ന് കുഴിച്ചെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ അഞ്ച് കുടങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവയില്‍ ഒന്നിന്റെ അടിയില്‍ എന്തോ അജ്ഞാത വസ്തു അടിഞ്ഞു കൂടിയിരുന്നു. പരിശോധനയില്‍ ഇത് കാത്സ്യം കാര്‍ബണേറ്റ് ആണെന്നാണ് കണ്ടെത്തിയത്. മൂത്രം സൂക്ഷിച്ചു വെച്ച കുടം വൃത്തിയാക്കാതിരിക്കുമ്പോഴാണ് ഈ രാസവസ്തു കുടത്തിന്റെ അടിത്തട്ടില്‍ സംഭരിക്കപ്പെടാന്‍ സാധ്യതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേംബ്രിജിലെ ആന്‍ഷ്യന്റ് പാരസൈറ്റ് ലാബിലായിരുന്നു പരിശോധന നടത്തിയത്. ഇതോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മനുഷ്യവിസര്‍ജ്യത്തില്‍ കാണുന്ന ഒരു വിരയെയും കണ്ടെത്തി. ഇങ്ങനെയാണ് കുടത്തിലുണ്ടായിരുന്നത് മനുഷ്യവിസര്‍ജ്യം തന്നെയാണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥരികീരിച്ചത്.
എന്തിനാണ് മലമൂത്രവിസര്‍ജനം നടത്താനായി കളിമണ്‍ കുടങ്ങള്‍ ഉപയോഗിക്കുന്നതെന്ന സംശയത്തിനും ശാസ്ത്രജ്ഞര്‍ക്ക് ഉത്തരമുണ്ട്. പുരാതന റോമന്‍ വീടുകളിലേയ്ക്ക് വെള്ളം എത്തിക്കാനുള്ള സംവിധാനങ്ങളും വെള്ളം ഉപയോഗിക്കുന്ന ശുചിമുറികളും ഉണ്ടായിരുന്നുവെന്നാണ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ എല്ലാ വലിയ വീടുകളിലും ഇതായിരുന്നില്ല സ്ഥിതി.
റോമിലെ ശുചിമുറികളില്‍ പലപ്പോഴും ദുര്‍ഗന്ധമുണ്ടായിരുന്നുവെന്നും വൃത്തിയുള്ളവയായിരുന്നില്ലെന്നും ഡോ. വില്‍സണ്‍ പറയുന്നു. അതുകൊണ്ട് ധനികര്‍ക്ക് മലമൂത്രവിസര്‍ജനത്തിനായി ശുചിമുറിയില്‍ പോകാന്‍ താത്പര്യമുണ്ടായിരുന്നില്ല. ആവശ്യം വരുമ്പോഴെല്ലാം അവര്‍ ഏതെങ്കിലും ജോലിക്കാരോടു ഒരു കളിമണ്‍കുടങ്ങള്‍ എടുത്തു കൊണ്ടു വരാന്‍ ആവശ്യപ്പെടും.
കുടങ്ങളുടെ മുകളില്‍ ഇരിക്കാനായി തടി കൊണ്ടുള്ള അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരുന്നിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Related Articles

Back to top button