BREAKING NEWSKERALA

കുര്‍ബാന ഏകീകരണം; പ്രതിഷേധിച്ച വൈദികര്‍ ഗേറ്റിലൂടെ നിവേദനം കൈമാറി

കൊച്ചി: കുര്‍ബാനയര്‍പ്പണ ഏകീകരണ വിഷയത്തില്‍ വൈദികരുടെ നിവേദനം സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂരിയ ചാന്‍സിലര്‍ സ്വീകരിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സഭാ ആസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെ വന്നതിനാല്‍ ഗേറ്റിലൂടെയാണ് വൈദികര്‍ ആര്‍ച്ച് ബിഷപ്പിന് നിവേദനം കൈമാറിയത്. പാലക്കാട്, താമരശ്ശേരി, തൃശൂര്‍, ഇരിങ്ങാലക്കുട, എറണാകുളം അങ്കമാലി അതിരൂപതകളിലെ പ്രതിനിധികളായ അഞ്ചു വൈദിക പ്രതിനിധികളാണ് ആര്‍ച്ച് ബിഷപ്പിന് നിവേദനം കൈമാറിയത്.
സിറോ മലബാര്‍ സഭയിലെ കുര്‍ബാനയര്‍പ്പണരീതി ഏകീകരിക്കുന്നതിനെതിരേ ജനാഭിമുഖ കുര്‍ബാനയര്‍പ്പിക്കുന്ന രൂപതകളിലെ വൈദികര്‍ പ്രാര്‍ഥനായജ്ഞ പ്രതിഷേധവുമായി സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ കുര്‍ബാനയര്‍പ്പണ ഏകീകരണത്തെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തില്‍ വൈദികരെ തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകാതിരിക്കാന്‍ പോലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഗേറ്റിലൂടെ നിവേദനം കൈമാറേണ്ട സാഹചര്യം വന്നത്.
ജനാഭിമുഖ കുര്‍ബാന തുടരണമെന്ന് ആവശ്യപ്പെട്ടും നിലവിലുള്ള സിനഡ് തീരുമാനത്തെ എതിര്‍ത്തുകൊണ്ടുള്ളവരുമാണ് പ്രതിഷേധവുമായി എത്തിയത്. കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട സിനഡ് തീരുമാനങ്ങളോട് തങ്ങള്‍ക്ക് അനുകൂലിക്കാന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിരൂപത സംരക്ഷണ സമിതിയംഗങ്ങള്‍ ആസ്ഥാനത്ത് നിലയുറപ്പിച്ചതിനാല്‍ വൈദികര്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ജനാഭിമുഖമായി കുര്‍ബാന നടത്തണമെന്ന് ആവശ്യപ്പെട്ട വൈദികരെയടക്കമുള്ളവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിശ്വാസികളായ ഒരുകൂട്ടം ആള്‍ക്കാര്‍ സഭാ ആസ്ഥാനത്തിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നത്. ഇവര്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിലയുറപ്പിക്കുകയാണ്. ഇരുവിഭാഗങ്ങളും സഭാ ആസ്ഥാനത്തിന് മുന്നില്‍ നിന്ന് പ്രാര്‍ഥനാഗാനങ്ങള്‍ ആലോപിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. ഇതിനിടെ ഇരുകൂട്ടരും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കം ഉടലെടുത്തിരുന്നു. തുടര്‍ന്ന് പോലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
നവംബര്‍ 28 മുതലാണ് കുര്‍ബാന ഏകീകരണം നടപ്പിലാക്കുന്നത്. ജനാഭിമുഖ കുര്‍ബാന വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം മാര്‍പ്പാപ്പക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായില്ല. സിനഡിലോ മറ്റെവിടെയെങ്കിലുമോ ചര്‍ച്ചചെയ്യാത്ത ഏകീകരണം അടിച്ചേല്‍പ്പിക്കാന്‍ മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിച്ചെന്നും വൈദികര്‍ ആരോപിക്കുന്നു. മെത്രാന്‍മാര്‍ സ്വന്തംതീരുമാനം അറിയിക്കാന്‍ സാധ്യതയുള്ളതുകൊണ്ടുകൂടിയാണു പ്രാര്‍ഥനായജ്ഞം നടത്തുന്നതെന്നും വൈദികര്‍ പറയുന്നു.

Related Articles

Back to top button