BREAKING NEWSKERALA

കേരളത്തില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് പാത; കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി: കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിന് പുതിയ ഗ്രീന്‍ ഫീല്‍ഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പദ്ധതി നിര്‍ദേശം ലഭിച്ചാലുടന്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വനഭൂമി ഏറ്റെടുക്കാതെ തന്നെ മൈസൂരിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദല്‍ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നിലവില്‍ പുരോഗമിക്കുന്ന കന്യാകുമാരി-മുംബൈ ദേശീയ പാതയുടെ പണി വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയതായി വി.മുരളീധരന്‍ പറഞ്ഞു.
തലശ്ശേരി മാഹി വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. മലബാര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹികളോടൊപ്പം നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി. മുരളീധരന്‍. ചേംമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി മഹബൂബ്, ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യാ ഹരിദാസ് തുടങ്ങിയവരും മുരളീധരനൊപ്പം നിതിന്‍ ഗഡ്കരിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു.
തിരുവനന്തപുരം ദേശീയപാതയില്‍ കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്ലാവില ജംഗ്ഷനില്‍ കഴിവൂര്‍താഴംകാട് റോഡിനെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം അനുമതി നല്‍കുമെന്ന് ഉറപ്പ് നല്‍കിയതായും വി മുരളീധരന്‍ അറിയിച്ചു. കേന്ദ്രസഹമന്ത്രി വി.മുരളീധരനും ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാര്‍ഷിക പദ്ധതിയില്‍ മേല്‍പ്പാലം ഉള്‍പ്പെടുത്താന്‍ നിതിന്‍ ഗഡ്കരി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

Related Articles

Back to top button