BREAKING NEWSKERALA

കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; എട്ടുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് റെയ്ഡ്. ഹോട്ടല്‍ കേന്ദ്രീകരില്‍ മയക്കുമരുന്ന് വില്‍പന നടത്തിയ എട്ടു പേര്‍ പിടിയിലായി. 55 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വോഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേര്‍ ഹോട്ടലില്‍ നിന്ന് പിടിയിലായത്.
മയക്കുമരുന്ന് വില്‍പനക്കെത്തിയ നാലുപേരും കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയുള്‍പ്പട്ടെ നാലുപേരുമാണ് പിടിയിലായത്.
ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്താണ് മയക്കുമരുന്ന് കൈമാറ്റം നടന്നിരുന്നത്. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് വില്‍പ്പനക്കെത്തിയത്. കൊല്ലത്ത് നിന്ന് വാങ്ങാനും ആളുകളെത്തി. ഇതില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വധശ്രമക്കേസില്‍ ഉള്‍പ്പടെ പ്രതികളായിട്ടുള്ളവര്‍ പിടിയിലായവരില്‍ ഉണ്ടെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായത്. വിദേശത്ത് ജോലി ചെയ്യുന്നവരാണ് മിക്കവരും. അവിടെ വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് പില്‍പനയിലേക്ക് കടന്നത്.
ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് ഇവര്‍ ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്ത് വരുന്നതെന്നാണ് വ്യക്തമായത്. എക്‌സൈസ്-കസ്റ്റംസ് സംഘത്തിന് വില്‍പന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. ഇവരും ഇവിടെ റൂം എടുത്തിരുന്നതായാണ് വിവരം. തുടര്‍ന്ന് മയക്കുമരുന്ന് സംഘത്തിന്റെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു. മലപ്പുറത്ത് നിന്നുള്ള സംഘം ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരിക്കുന്നത്.

Related Articles

Back to top button