BREAKING NEWSKERALALATEST

കോടിയേരിക്കു പകരം ആര്? ഇന്നോ നാളെയോ തീരുമാനിക്കും

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യംകാരണം പാര്‍ട്ടിയുടെ സജീവ ചുമതലയില്‍നിന്ന് ഒഴിഞ്ഞേക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി. അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പങ്കെടുക്കും. അജന്‍ഡ പുറത്തുവന്നിട്ടില്ലെങ്കിലും ലോകായുക്ത, സര്‍വകലാശാലാ നിയമഭേദഗതി ബില്ലുകളും ഇക്കാര്യത്തില്‍ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലുമാണ് പ്രധാന ചര്‍ച്ചാവിഷയമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. ബില്ലുകള്‍ നിയമസഭ പാസാക്കിയാലും അംഗീകരിക്കില്ലെന്ന സൂചന ഗവര്‍ണര്‍ പരസ്യമാക്കിയിരിക്കെ, മുന്നോട്ട് എങ്ങനെയെന്നത് പാര്‍ട്ടിയുടെമുമ്പിലുള്ള വലിയ ചോദ്യമാണ്.
ഇക്കാര്യത്തില്‍ തുടര്‍ന്നെടുക്കുന്ന നിലപാടുകള്‍ക്ക് പാര്‍ട്ടിസമിതികളുടെ അംഗീകാരം വാങ്ങുകയെന്ന ലക്ഷ്യവും നേതൃത്വത്തിനുണ്ട്. ബില്ലുകള്‍ പ്രാബല്യത്തില്‍ വന്നില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തും ചര്‍ച്ചയാകും.
ഇതിനിടെയാണ് അനാരോഗ്യംകാരണം ചുമതലയില്‍നിന്ന് തത്കാലം മാറിനില്‍ക്കണമെന്ന താത്പര്യം കോടിയേരി ബാലകൃഷ്ണന്‍ ദേശീയനേതൃത്വത്തെ അറിയിച്ചെന്ന സൂചനകള്‍ പുറത്തുവരുന്നത്. മുമ്പും ചികിത്സയ്ക്കായി ഈയാവശ്യം കോടിയേരി ഉന്നയിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ പാര്‍ട്ടി ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവനെയാണ് അന്ന് ഏല്‍പ്പിച്ചത്. ഇപ്രാവശ്യം കോടിയേരിക്ക് അവധി നല്‍കുകയാണെങ്കില്‍ ആക്ടിങ് സെക്രട്ടറിയായി മുതിര്‍ന്നനേതാക്കളില്‍ ആര്‍ക്കെങ്കിലുമാകും ചുമതല നല്‍കുക. വീണ്ടും എ. വിജയരാഘവന്‍തന്നെ ഈ ചുമതലയിലേക്കുവരാം. മുതിര്‍ന്ന നേതാവായ എം.വി. ഗോവിന്ദന്‍ മന്ത്രിയായതിനാല്‍ സെക്രട്ടറിയുടെ ചുമതലയിലേക്കുവന്നാല്‍ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും സാധ്യതയുണ്ട്.
പാര്‍ട്ടിസെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ.കെ. ബാലന്‍, ഇടതുമുന്നണി കണ്‍വീനറായ ഇ.പി. ജയരാജന്‍ എന്നിവരില്‍ ഒരാള്‍ക്ക് ചുമതല നല്‍കാനും സാധ്യതയുണ്ട്.

Related Articles

Back to top button