BREAKING NEWSKERALALATEST

ഖുറാന്‍ കോപ്പികള്‍ യുഎഇ കോണ്‍സുലേറ്റിന് തിരിച്ച് നല്‍കുമെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം: ഖുറാന്‍ കോപ്പികള്‍ യു.എ.ഇ. കോണ്‍സുലേറ്റിന് തിരിച്ച് നല്‍കുമെന്ന് മുന്‍മന്ത്രി കെ.ടി. ജലീല്‍. ഖുറാന്‍ മറവില്‍ സ്വര്‍ണം കടത്തിയെന്ന പ്രതിപക്ഷ ആരോപണം തനിക്ക് മാനഹാനി ഉണ്ടാക്കി. അനാവശ്യമായി മുഖ്യമന്ത്രിയെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴച്ചുവെന്നും ഒന്നുമറിയാത്ത അദ്ദേഹം താന്‍ ചെയ്തു എന്ന് ആക്ഷേപിക്കപ്പെട്ട ‘വന്‍ പാപത്തെ’ തുടര്‍ന്ന് ഒരുപാട് ക്രൂശിക്കപ്പെട്ടുവെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
രണ്ട് സ്ഥാപനങ്ങളില്‍ സൂക്ഷിച്ച ഖുറാന്‍ കോപ്പികള്‍ യു.എ.ഇ. കോണ്‍സുലേറ്റിന് മടക്കിക്കൊടുക്കണോ അതല്ല വിതരണം ചെയ്യണോ എന്നന്വേഷിച്ച് കൊച്ചിയിലെ കസ്റ്റംസ് കമ്മീഷണര്‍ക്ക് രണ്ട് മെയിലുകള്‍ അയച്ചിരുന്നു. അതിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍സുലേറ്റ് നല്‍കിയ ഖുറാന്‍ കോപ്പികള്‍ അവര്‍ക്ക് തന്നെ തിരിച്ച് നല്‍കാന്‍ മനമില്ലാ മനസ്സോടെ തീരുമാനിച്ചത്. ഖുറാന്റെ മറവില്‍ താന്‍ സ്വര്‍ണ്ണം കടത്തിയെന്ന് നിയമസഭയില്‍ പ്രസംഗിച്ച ലീഗ് നേതാവ് കെ.എം. ഷാജിക്ക് പടച്ചവന്‍ പൊറുത്ത് കൊടുക്കട്ടെയെന്നും ജലീല്‍ പറഞ്ഞു.
മതാചാര പ്രകാരമുള്ള ദാനധര്‍മ്മങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് യു.എ.ഇ. കോണ്‍സുലേറ്റ്, ഒന്നാം പിണറായി സര്‍ക്കാറിലെ വഖഫ് ഹജ്ജ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന മന്ത്രിയെന്ന നിലയില്‍ തന്നെയാണ് വിളിച്ച് ചോദിച്ചിരുന്നത്. കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ വിശ്വാസപരമായ ആചാരനുഷ്ഠാന കര്‍മ്മങ്ങള്‍ക്ക് സഹായം ചെയ്തു എന്നതിന്റെ പേരിലാണ് തനിക്കെതിരെ പ്രതിപക്ഷവും കേന്ദ്ര ഭരണ പക്ഷവും ദുരാരോപണങ്ങളുടെ വെടിയുണ്ടകള്‍ ഉതിര്‍ത്തത്. സത്യമില്ലാത്തതിനാല്‍ തന്നെ റംസാന്‍ കിറ്റും ഖുര്‍ആന്‍ കോപ്പികള്‍ മതസ്ഥാപനങ്ങളില്‍ എത്തിക്കാന്‍ സഹായിച്ച വിഷയവും അധികം വൈകാതെ എങ്ങോ പൊയ്മറഞ്ഞുവെന്നും ജലീല്‍ വ്യക്തമാക്കി.

Related Articles

Back to top button