BREAKING NEWSKERALALATEST

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് തെറിപ്പിക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനൊരുങ്ങി സി.പി.എം. വെള്ളിയാഴ്ചചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം ഉടലെടുത്തത്. ഗവര്‍ണറെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്‍പ് പലതവണ ഉന്നയിച്ചതോടെ തീരുമാനവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് എല്‍.ഡി.എഫ്.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ശ്രദ്ധചെലുത്തുകയാണ് സി.പി.എം. ഇക്കാര്യത്തില്‍ നിയമസഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിക്കണോ അതോ ഓര്‍ഡിനന്‍സായി കൊണ്ടുവരണോ തുടങ്ങിയ കാര്യങ്ങളില്‍ ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ എല്‍.ഡി.എഫ്. വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാനസമിതിയുടെ തീരുമാനത്തിനനുസരിച്ചാകും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക. ഗവര്‍ണറുടെ കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ വേണമെന്ന പൊതുവികാരം തീവ്രമായതിനാല്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൈക്കൊള്ളാനാണ് സാധ്യത.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാനും സി.പി.എം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം മരവിപ്പിച്ചെങ്കിലും എം.വി.ഗോവിന്ദന്റെ പരസ്യപ്രതികരണം വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പെന്‍ഷന്‍ പ്രായമുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത സാഹചര്യവും എങ്ങനെയാണ് തീരുമാനമുണ്ടായത് എന്ന കാര്യവും വിശദീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുചട്ടക്കൂടുണ്ടാക്കുന്ന ഭാഗമായാണ് ഇത് കടന്നുവന്നതെന്നും എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും അതുകൊണ്ടാണ് തീരുമാനം മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദം ഇതോടെ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും സെക്രട്ടറിയേറ്റ് അത് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനസമിതിയുടെ ചര്‍ച്ചയ്ക്ക് ശേഷം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരം പുറത്തുവരും.

Related Articles

Back to top button