BREAKING NEWSLATESTOTHERSSPORTS

രവി കുമാര്‍ ദഹിയക്ക് വെള്ളി; ടോക്യോയില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍

ഫൈനല്‍ പോരില്‍ റഷ്യന്‍ ഒളിംപിക് കമ്മിറ്റി താരം സൗര്‍ ഉഗ്വേവിന് മുന്‍പില്‍ വീണ് രവി കുമാര്‍ ദഹിയ. കലാശപ്പോരില്‍ രവി കുമാര്‍ വീണതോടെ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് ടോക്യോയിലെ രണ്ടാം വെള്ളിയെത്തി.

2008ന് ശേഷം സ്വര്‍ണ തിളക്കം ഇന്ത്യയിലേക്ക് രവി കുമാര്‍ ദഹിയയിലൂടെ എത്തുമെന്ന് കരുതിയെങ്കിലും ഫൈനലില്‍ ജയം പിടിക്കാന്‍ താരത്തിനായില്ല. 7-4നാണ്‌ രവി ദഹിയയുടെ തോല്‍വി. ഒളിംപിക്‌സ് ഗുസ്തിയില്‍ മെഡല്‍ നേടുന്ന നാലാമത്തെ താരമാണ് ദഹിയ. കെ ഡി ജാദവ്, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത് എന്നിവരാണ് രവി ദഹിക്ക് മുന്‍പ് ഗുസ്തിയില്‍ മെഡല്‍ നേടിയത്. സുശീല്‍ കുമാറിന് ശേഷം ഗുസ്തിയില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രവി.

2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായിരുന്നു. ടോക്യോയില്‍ ഇന്ത്യ ഇതുവരെ അഞ്ച് മെഡലുകളാണ് നേടിയത്. കസാഖ്‌സ്താന്റെ നൂറിസ്ലാം സനയെവയെ തോല്‍പ്പിച്ചാണ് രവി ഫൈനല്‍ പോരാട്ടത്തിലേക്ക് കടന്നത്. കൊളംബിയയുടെ ഓസ്‌കാര്‍ അര്‍ബനോയെ 13-2ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്ന രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് വീഴ്ത്തിയാണ് സെമിയില്‍ എത്തിയത്. 2012ല്‍ സുശീല്‍ കുമാര്‍ ഒളിംപിക്‌സ് ഫൈനലിലെത്തിയതിന് ശേഷം ആദ്യമായാണ് ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍ കടക്കുന്നത്.

Related Articles

Back to top button