BOLLYWOODBREAKING NEWSENTERTAINMENT

‘ജര്‍മ്മനും ഫ്രഞ്ചും ഇംഗ്ലീഷും ഉത്ഭവിച്ചത് സംസ്‌കൃതത്തില്‍ നിന്ന്’; സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന് കങ്കണ

മുംബൈ: സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന് നടി കങ്കണ റണാവത്ത്. ഹിന്ദിയേക്കാള്‍ പഴക്കം ചെന്ന ഭാഷയാണ് സംസ്‌കൃതം. ഇതിനാല്‍ ദേശീയ ഭാഷയാക്കാന്‍ സംസ്‌കൃതം അനുയോജ്യമാണ്. ഒരുപാട് വൈവിധ്യങ്ങളും ഒന്നിലധികം ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഓരോരുത്തര്‍ക്കും അവരവരുടെ ഭാഷയിലും സംസ്‌കാരത്തിലും അഭിമാനിക്കാന്‍ ജന്മാവകാശമുണ്ടെന്നും അവര്‍ പറഞ്ഞു.
സംസ്‌കൃതം പഴക്കമുള്ള ഭാഷയാണെങ്കിലും ഹിന്ദിക്ക് ദേശീയ ഭാഷസ്ഥാനം നിഷേധിക്കുന്നത് കേന്ദ്ര സര്‍ക്കാരിനോടും ഇന്ത്യന്‍ ഭരണഘടനയോടുമുള്ള പരോക്ഷമമായ അനാദരവാണ്. ഏത് ഭാഷയാണ് ദേശീയ ഭാഷയാകേണ്ടതെന്ന് എന്നോട് ചോദിച്ചാല്‍ അത് സംസ്‌കൃതമായിരിക്കണമെന്നായിരിക്കും എന്റെ അഭിപ്രായം. കന്നഡ, തമിഴ്, ഗുജറാത്തി, ഹിന്ദി എന്നിവയേക്കാള്‍ പഴക്കമുള്ളതാണ് സംസ്‌കൃതം. ഈ ഭാഷകളെല്ലാം സംസ്‌കൃതത്തില്‍ ഉത്ഭവിച്ചത്. പിന്നെ എന്തുകൊണ്ട് സംസ്‌കൃതം ദേശീയ ഭാഷയായില്ല, ഹിന്ദി ദേശീയ ഭാഷയാകുന്നില്ല എന്നും കങ്കണ ചോദിച്ചു.
ഹിന്ദിയെ ദേശീയ ഭാഷയായി കണക്കാക്കിയില്ലെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് കങ്കണ പറഞ്ഞു. ഖലിസ്ഥാനികള്‍ പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുകയാണെങ്കില്‍ തമിഴരും ബംഗാളി ജനതയും പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്നുവെങ്കില്‍ അവര്‍ ഹിന്ദിയെ വെല്ലുവിളിക്കുകയല്ല, മറിച്ച് ഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. ഇരുണ്ട കൊളോണിയല്‍ ഭൂതകാലം ഉണ്ടായിട്ടും രാജ്യത്തിനകത്ത് ആശയവിനിമയം നടത്താന്‍ ഇപ്പോഴും ഇംഗ്ലീഷ് ഒരു ഭാഷയായി ഉപയോഗിക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു.
നിലവില്‍ ഭരണഘടനയനുസരിച്ച് ഹിന്ദിയാണ് രാജ്യത്തിന്റെ ദേശീയ ഭാഷയെന്ന് കങ്കണ വ്യക്തമാക്കി. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണെന്ന് നടന്‍ അജയ് ദേവ്ഗണ്‍ പറഞ്ഞതില്‍ തെറ്റില്ല. ഹിന്ദി, ജര്‍മ്മനി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളെല്ലാം സംസ്‌കൃതത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. അതിനാല്‍ സംസ്‌കൃതം എന്തുകൊണ്ട് ദേശീയ ഭാഷയായിക്കൂടാ എന്നാണ് തന്റെ ചോദ്യമെന്നും കങ്കണ ചോദിച്ചു.
രാജ്യത്ത് ഹിന്ദി ഭാഷാ പ്രചാരണം സംബന്ധിച്ച ചര്‍ച്ചകളും വിവാദങ്ങളും തുടരുന്നതിനിടെയാണ് കങ്കണയുടെ പ്രതികരണം ഉണ്ടായത്. ഇപ്പോഴത്തെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് പറയാന്‍ സാധിക്കില്ലെന്ന നടന്‍ കിച്ച സുദീപ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ രംഗത്തുവന്നതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്. ഹിന്ദി ദേശീയ ഭാഷയാണെന്ന് മറക്കരുതെന്ന് വ്യക്തമാക്കിയ അജയ് ദേവ്ഗണ്‍ ഹിന്ദിക്ക് പ്രധാന്യം ഇല്ലെങ്കില്‍ കന്നഡ ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് മൊഴി മാറ്റുന്നതെന്ന് ചോദിച്ചിരുന്നു.

Related Articles

Back to top button