KERALALATEST

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ നേതാവായിരുന്നയാള്‍ മറ്റൊരാള്‍ക്ക് മാറിക്കൊടുക്കുമ്പോള്‍ എന്തിനാണ് വേദനിക്കുന്നത്; ഗുലാം നബി ആസാദിനെതിരെ കെ.സി വേണുഗോപാല്‍

 

കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമ്പോള്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച ഗുലാം നബി ആസാദിനെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ നേതാവായിരുന്നയാള്‍ മറ്റൊരാള്‍ക്ക് മാറിക്കൊടുക്കുമ്പോള്‍ എന്തിനാണ് വേദനിക്കുന്നത്, ഇന്ത്യയിലൊരു കോണ്‍ഗ്രസുകാരനും വഹിക്കാത്ത പദവികള്‍ വഹിച്ച അദ്ദേഹം 40 വര്‍ഷത്തിന് ശേഷവും മാറിക്കൊടുക്കാന്‍ എന്തിനാണ് വിമുഖത കാണിക്കുന്നത്’ മാധ്യമങ്ങളോട് സംസാരിക്കവേ വേണുഗോപാല്‍ ചോദിച്ചു. കശ്മീരിനെ വിഭജിച്ച മോദിയെ ജമ്മുകശ്മീരിന്റെ പുത്രനായ ഗുലാം നബി പുകഴ്ത്തിയെന്നും കോണ്‍ഗ്രസുകാരെന്ന നിലയില്‍ തങ്ങള്‍ക്കിത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു ട്രോഫി വള്ളംകളിയില്‍ ആരെങ്കിലും എത്തുന്നതിനെ തങ്ങള്‍ വിമര്‍ശിക്കുന്നില്ലെന്നും എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ചിലരെ ക്ഷണിക്കുന്നത് സംശയാസ്പദമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ആദ്യമായല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ഏത് പി.സി.സി ഓഫീസിലും ലഭിക്കുമെന്നും അത് പൊതുജനങ്ങള്‍ക്ക് നല്‍കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പത്ത് പേര് പിന്തുണയ്ക്കുന്ന ആര്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

Related Articles

Back to top button