KERALALATEST

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് ഗുജറാത്ത് തീരം തൊടും. ഇന്ന് രാത്രി എട്ടുമണിക്കും 11 മണിക്കൂം ഇടയില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ തീരം തൊടുന്ന പശ്ചാത്തലത്തില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയത്.

മുംബൈയില്‍ അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. മുന്‍കരുതല്‍ നടപടിയെന്നോണം മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളം ഉച്ചയ്ക്ക് രണ്ടുമണി വരെ അടച്ചിടും.ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മുംബൈയില്‍ നേരിയ തോതില്‍ മഴ ലഭിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ചുഴലിക്കാറ്റിലും കനത്തമഴയിലും മുംബൈയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് മുംബൈ നഗരം. ദേശീയ ദുരന്തനിവാരണ സേന മുംബൈയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. മുംബൈയ്ക്ക് പുറമേ താനെ, പാല്‍ഘര്‍, റായ്ഗഡ് മേഖലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.

Related Articles

Back to top button