BREAKING NEWSLATESTNATIONAL

ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് ഇന്ന് മുതല്‍ വിതരണം തുടങ്ങും

ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് തിങ്കളാഴ്ച മുതല്‍ ലഭ്യമാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പതിനായിരത്തോളം ഡോസുകള്‍ ഡല്‍ഹിയിലെ ചില ആശുപത്രികള്‍ക്കു വിതരണം ചെയ്താണ് ഉദ്ഘാടനം നടത്തുക.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആര്‍ഡിഒ ലാബ് വികസിപ്പിച്ചെടുത്ത 2ഡിയോക്‌സിഡിഗ്ലൂക്കോസ് അഥവാ 2ഡിജി എന്ന മരുന്നാണു കോവിഡിനു നല്‍കുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു.
രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മികച്ച ഫലമാണു മരുന്നു കാണിച്ചത്. കോവിഡ് രോഗികളുടെ ആശുപത്രി വാസം കുറയ്ക്കുന്നതിനും അവരുടെ ഓക്‌സിജന്‍ ആശ്രിതത്വം കുറയ്ക്കുന്നതിനും മരുന്നു ഫലപ്രദമാണെന്നാണു കണ്ടെത്തല്‍. പൊടി രൂപത്തില്‍ ലഭ്യമാകുന്ന മരുന്ന് വെള്ളത്തിനൊപ്പം കഴിക്കാം.
കോവിഡ് ചികിത്സയ്ക്കു കൃത്യമായി മരുന്ന് ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍ രോഗതീവ്രത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ചുരുക്കം ചിലതിന്റെ കൂട്ടത്തിലാണ് 2ഡിജിയും വരുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏതാനും ആഴ്ചകളായി മൂന്നു ലക്ഷത്തിലധികം കേസുകളും ആയിരക്കണക്കിനു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയ്ക്കു വലിയ ആശ്വാസമാകും പുതിയ മരുന്നെന്നാണു പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button