BREAKING NEWSKERALA

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍

പത്തനംതിട്ട: കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായിരുന്ന ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ പുതിയ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുത്തു. സുന്നഹദോസ് നിര്‍ദ്ദേശം മലങ്കര അസോസിയേഷന്‍ അംഗീകരിച്ചു. കാതോലിക്ക ആയുള്ള സ്ഥാനാരോഹണം നാളെ പത്തനംതിട്ടയിലെ പരുമലയില്‍ വെച്ച് നടക്കും.
സഭയുടെ മുതിര്‍ന്ന മെത്രാപൊലീത്ത ആയിട്ടുള്ള ഡോ. കുര്യാക്കോസ് മാര്‍ ക്ലീമീസ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും, പരുമലയിലും ഓണ്‍ലൈന്‍ വഴിയും ചടങ്ങുകളില്‍ പങ്കെടുത്തവരും കൈയടിച്ചു കൊണ്ട് തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. വാഴിക്കല്‍ ചടങ്ങ് സംബന്ധിച്ച തീരുമാനം വൈകുന്നേരം 5 മണിക്ക് ചേരുന്ന സുന്നഹദോസ് കൈക്കൊള്ളും. നാളെ രാവിലെ പരുമലയില്‍ തന്നെ സ്ഥാനാരോണ ശുശ്രൂഷകള്‍ തുടങ്ങുമെന്നാണ് വിവരം.
പരുമലയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ യോഗത്തിലാണ് മാത്യൂസ് മാര്‍ സേവേറിയോസിനെ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുത്തത്. 22മത് മലങ്കര മെത്രാപ്പൊലീത്ത ആയും 9ാമത് കാതോലിക്കയുമായാണ് അദ്ദേഹത്തിന്റെ ആഗമനം. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി വൈദിക അധ്യാപകന രംഗത്ത് അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്.
ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്താ മാത്രമാണ് കാതോലിക്കാ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്. അതിനാല്‍, മാര്‍ സേവേറിയോസ് കാതോലിക്കാ ബാവായായി തിരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. നേരത്തെ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്തായെ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു.

Related Articles

Back to top button