BREAKING NEWSKERALA

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ: മത്സ്യം കഴിച്ച നാല് പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: മത്സ്യം കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്ലറ പഴയചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബിജു എന്നയാളാണ് മത്സ്യം വാങ്ങിയത്. ഇയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു കടയില്‍ നിന്ന് വാങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ബിജുവിന്റെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. പിന്നാലെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ നാല് പേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.
അതിനിടെ ഇന്നലെ വൈകുന്നേരം ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് ചൂര മീനില്‍ നിന്ന് പുഴുവിനെ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കളക്ടറേറ്റില്‍ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
പഴകിയ മീനാണ് കഴിഞ്ഞ ദിവസവും ലഭിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. ഇന്ന് ആരോഗ്യവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ ഈ കട കേന്ദ്രീകരിച്ച് നടക്കുമെന്നാണ് വിവരം.

Related Articles

Back to top button