Uncategorized

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍; പള്ളികളില്‍ നിയന്ത്രണങ്ങളോടെ നമസ്‌കാരം

കൊച്ചി: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ പുതുക്കി ഇന്ന് ബലിപെരുന്നാള്‍ (ഈദുല്‍ അസ്ഹ). പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ഥനകള്‍ നടക്കും.
40 പേര്‍ക്ക് പള്ളികളില്‍ നമസ്‌കാരത്തിന് അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍ക്കാണ് അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. സഹനത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യദിനം. പ്രവാചകനായ ഇബ്രാഹീം നബിയുടെ ത്യാഗം അനുസ്മരിക്കാന്‍ മൃഗബലി ചടങ്ങും ബലിപെരുന്നാള്‍ ദിനത്തില്‍ വിശേഷമാണ്. നിയന്ത്രണങ്ങള്‍ക്കിടയിലും പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കുകയാണ് വിശ്വാസികള്‍.

പെരുന്നാളിന് കിട്ടിയ ലോക്ഡൗണ്‍ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു. ഒത്തുചേരലില്ലാതെ കൊവിഡിന്റെ നിയന്ത്രണങ്ങളോടെയാണ് പെരുന്നാള്‍ ആഘോഷം. പള്ളികളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കി നമസ്‌കാരം. സാമൂഹിക അകലം പാലിച്ചും ഹസ്തദാനമോ ആലിംഗനത്തോടെയുള്ള ആശംസ കൈമാറ്റമോ ഇല്ലാതെ ബക്രീദ് ആശംസിച്ച് വിശ്വാസികള്‍. വീടുകളില്‍ ഒതുങ്ങി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ കൊവിഡിനെതിരെയുള്ള പോരാട്ടം കൂടിയാവുകയാണ് ഇത്തവണയും ബലിപെരുന്നാള്‍ ആഘോഷം.

സ്ത്രീധനത്തിനെതിരെ പെരുന്നാൾ ദിനത്തിൽ പാളയം ഇമാം വി.പി സുഹൈബ് മൗലവിയുടെ സന്ദേശം. സ്ത്രീധനം സാമൂഹിക ദുരാചാരമാണെന്നും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല എന്ന് വിശ്വാസികൾ തീരുമാനിക്കണമെന്നു സുഹൈബ് മൗലവി പറഞ്ഞു.സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണിതെന്നും മാതാപിതാക്കൾ, യുവതി യുവാക്കൾ, മതമേധാവികൾ സ്ത്രീധനത്തിനെതിരെ നിലപാടെടുക്കണമെന്നും സുഹൈബ് മൗലവി പറഞ്ഞു.

Related Articles

Back to top button