BREAKING NEWSKERALA

നിര്‍ത്തിയിട്ട കാറിന്റെ ഡിക്കിയില്‍ 80 കിലോ കഞ്ചാവ്; നാലു പേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട. കിഴക്കമ്പലം ഊരാക്കാട് കഴിഞ്ഞയാഴ്ച രണ്ടു കിലോ കഞ്ചാവുമായി പിടിയിലായവരില്‍നിന്നു ലഭിച്ച വിവരം പിന്തുടര്‍ന്നതാണ് കഞ്ചാവുവേട്ടയ്ക്കു വഴിതുറന്നത്. ഇവര്‍ക്കു കഞ്ചാവു നല്‍കിയ സംഘത്തെ തിരഞ്ഞ പൊലീസിനു ലഭിച്ചത് 80 കിലോ കഞ്ചാവ്. ആലുവ കോമ്പാറയില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡിക്കിയില്‍നിന്ന് പായ്ക്കറ്റുകളാക്കി വിതരണത്തിന് എത്തിച്ച നിലയിലാണ് ഇതു പിടികൂടിയത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ആലുവ നൊച്ചിമ കുടിയമറ്റം വീട്ടില്‍ കബീര്‍ (38), എടത്തല അല്‍ അമീന്‍ ഭാഗത്ത് മുരിങ്ങാശ്ശേരി വീട്ടില്‍ നജീബ് (35), വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടില്‍ മനു ബാബു (31), വടുതല അരൂക്കുറ്റി ചെത്തിപ്പറമ്പത്ത് വീട്ടില്‍, ഇപ്പോള്‍ വരാപ്പുഴ വൈ സിറ്റി ബാറിനു സമീപം താമസിക്കുന്ന മനീഷ് (25), എന്നിവരെയാണ് പിടികൂടിയത്. ഊരാക്കാട് കേസില്‍ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. സൗത്ത് കളമശേരി പുള്ളിപറമ്പില്‍ വീട്ടില്‍ ജിലു (38), കളമശേരി ഗ്ലാസ് കോളനി ഭാഗത്ത് തേരോത്ത് വീട്ടില്‍ പ്രസന്നന്‍ (44) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു ചെറിയാന്‍ ജോസഫിന്റെ വീട്ടില്‍ തടിയിട്ടപറമ്പ് പൊലീസ് നടത്തിയ റെയ്ഡിലാണ് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റല്‍ ത്രാസും കണ്ടെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ഉയര്‍ന്ന അളവിലുള്ള കഞ്ചാവ് കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നു വിവരം ലഭിച്ചു.
ഇതോടെ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ ചേലക്കാട്ടില്‍ വീട്ടില്‍ ചെറിയാന്‍ ജോസഫ്, മുറിയങ്കോട്ട് വീട്ടില്‍ വൈശാഖ്, പുതിയവീട്ടില്‍ ഷാജഹാന്‍, ആലയ്ക്കാപ്പിള്ളി വീട്ടില്‍ സുമല്‍ വര്‍ഗീസ്, വെളുത്തമണ്ണുങ്കല്‍ വീട്ടില്‍ വര്‍ഗീസ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ അബ്ക്കാരി നിയമം, ലഹരി വസ്തു നിരോധന നിയമം, തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ജിലു. പ്രസന്നനെതിരെ കൊലപാതക ശ്രമം, ആക്രമണ കേസ്, ആയുധ നിയമം, കവര്‍ച്ച, അബ്ക്കാരി നിയമം, ലഹരി വസ്തു നിരോധന നിയമം, സ്‌ഫോടക വസ്തു നിരോധന നിയമം എന്നിവയടക്കം 16 കേസുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.

Related Articles

Back to top button