BREAKING NEWSEDUCATIONKERALA

പട്ടികവര്‍ഗ-ദളിത് വിദ്യാര്‍ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിന് വഴിയൊരുക്കി ആദിശക്തി സമ്മര്‍ സ്‌കൂള്‍

കല്‍പറ്റ: വിദ്യാഭ്യാസ രംഗത്തു പട്ടികവര്‍ഗദളിത് വിദ്യാര്‍ഥികളെ വഴിനടത്തി ആദിശക്തി സമ്മര്‍ സ്‌കൂള്‍. കഴിഞ്ഞ വര്‍ഷം മാത്രം പ്ലസ് വണ്‍125, യു.ജി78, പി.ജി27, നൈപുണ്യ വികസനം10 എന്നിങ്ങനെ 240 വിദ്യാര്‍ഥികളാണ് ആദിശക്തി സമ്മര്‍ സ്‌കൂള്‍ മുഖേന വിവിധ കോഴ്‌സുകളില്‍ പ്രവേശനം നേടിയത്. പട്ടികവര്‍ഗത്തിലെ പിന്നാക്കം നില്‍ക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക, കുറുമ്പ, കാടര്‍, മുതുവാന്‍, വേടര്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇവരില്‍ അധികവും.
ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2015ല്‍ ആറളത്തു രൂപീകൃതമായ പട്ടികവര്‍ഗ ദളിത് വിദ്യാര്‍ഥി കൂട്ടായ്മയാണ് ആദിശക്തി. കൊഴിഞ്ഞുപോക്ക്, മാര്‍ഗദര്‍ശനത്തിന്റെ അപര്യാപ്തത, സംവരണ സീറ്റുകളുടെ കുറവ്, ഇന്റര്‍നെറ്റ് ഉള്‍പ്പെടെ പഠനമാധ്യമങ്ങളുടെ അഭാവം തുടങ്ങി വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതില്‍ പട്ടികവര്‍ഗദളിത് വിദ്യാര്‍ഥികളെ സഹായിക്കുകയാണ് ആദിശക്തിയുടെ ലക്ഷ്യമെന്നു ആദിവാസി ഗോത്രമഹാസഭ കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി, യു.ജി, പി.ജി കോഴ്‌സുകളില്‍ പ്രവേശനത്തിനു സഹായം, ആവശ്യമുള്ള കുട്ടികള്‍ക്കു സാമ്പത്തിക പിന്തുണ, താമസ സൗകര്യം, മെന്ററിംഗ് എന്നിവ വിദ്യാര്‍ഥികള്‍ക്കു ആദിശക്തി ലഭ്യമാക്കുന്നുണ്ട്.
പട്ടികവര്‍ഗദളിത് വിദ്യാര്‍ഥികള്‍ക്കു വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിനു ആദിശക്തി 2017 മുതല്‍ സഹായം നല്‍കുന്നുണ്ടെന്നു ട്രഷറര്‍ ജി.വിഷ്ണു, സ്റ്റേറ്റ് വോളണ്ടിയര്‍ കോ ഓര്‍ഡിനേറ്റര്‍ മേരി ലിഡിയ എന്നിവര്‍ പറഞ്ഞു.സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള മുന്നൂറോളം വോളണ്ടിയര്‍മാര്‍ ആദിശക്തിക്കുണ്ട്. വോളണ്ടിയര്‍മാര്‍ വിദ്യാര്‍ഥികളെ നേരില്‍ ബന്ധപ്പെട്ടാണ് സഹായങ്ങള്‍ എത്തിക്കുന്നത്. കഴിഞ്ഞവര്‍ഷം ആയിരത്തോളം വിദ്യാര്‍ഥികളെയാണ് വോളണ്ടിയര്‍മാര്‍ ബന്ധപ്പെട്ടത്.
കോവിഡ് പശ്ചാത്തലത്തില്‍ 2020ല്‍ ആദിശക്തി എല്ലാ ജില്ലകളിലും അഡ്്മിഷന്‍ ഹെല്‍പ്‌ഡെസ്‌ക് രൂപീകരിച്ചിരുന്നു. വയനാട്ടില്‍ മാനന്തവാടി, കല്‍പറ്റ, ബത്തേരി, പുല്‍പള്ളി മേഖലകളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയായിരുന്നു വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം. ഇതു പത്താം ക്ലാസോടെ പഠനം അവസാനിപ്പിക്കുമായിരുന്ന നിരവധി കുട്ടികള്‍ക്കു തുടര്‍ പഠനത്തിനു വഴിയൊരുക്കി. ഈ വര്‍ഷവും എല്ലാ ജില്ലകളിലും അഡ്മിനിഷന്‍ ഹെല്‍പ്‌ഡെസ്‌ക് ഒരുക്കും.കോഴ്‌സ് പ്രവേശനം നേടി ഹോസ്റ്റല്‍ സൗകര്യം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ആദിശക്തി എറണാകുളത്തു മൂന്നിടങ്ങളില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവില്‍ 37 വിദ്യാര്‍ഥികളാണ് ആദിശക്തി ഏര്‍പ്പെടുത്തിയ താമസ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ഈ സേവനത്തിനു സര്‍ക്കാരിന്റെ ഭാഗിക സഹായം ഈ വര്‍ഷം മുതല്‍ ലഭിക്കുന്നുണ്ടെങ്കിലും ദൈനംദിന നടത്തിപ്പിനു ആദിശക്തി പ്രയാസപ്പെടുകയാണ്.
2014 മുതല്‍ സംസ്ഥാന, പ്രദേശിക തലങ്ങളില്‍ സമ്മര്‍ ക്യാമ്പുകള്‍ നടത്തുന്ന ആദിശക്തി 2019 മുതല്‍ നൈപുണ്യ വികസന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ കായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടികളുണ്ട്. 2003ലെ മുത്തങ്ങ സമരത്തില്‍ വെടിയേറ്റുമരിച്ച ജോഗിയുടെ സ്മരണാര്‍ഥം സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരം ഇതില്‍ പ്രധാനപ്പെട്ടതാണ്. 2019ല്‍ പ്രളയബാധിതരായ ആദിവാസി കുടുംബങ്ങളെക്കുറിച്ചുള്ള വിവരം ശേഖരിച്ച് വിദ്യാര്‍ഥികള്‍ക്കു എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ സഹായത്തോടെ പഠനസാമഗ്രികള്‍ എത്തിക്കാന്‍ ആദിശക്തിക്കു കഴിഞ്ഞു. ഈ വര്‍ഷം നാമൊന്റായി എന്ന പേരില്‍ സമിതി രൂപീകരിച്ച് കോവിഡ് ബാധിത ആദിവാസി ഊരുകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, ഊരുനിവാസികള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ ആദിവാസി വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നതിനു പരിഹാരം തേടി വിദ്യാഭ്യാസം ഞങ്ങളുടെ അവകാശം എന്ന മുദ്രാവാക്യവുമായി 2020 സെപ്്റ്റംബര്‍ 28 മുതല്‍ ഒരു മാസത്തോളം ആദിശക്തി പ്രവര്‍ത്തകര്‍ നടത്തിയ സമരം സംസ്ഥാനതലത്തില്‍ ശ്രദ്ധനേടിയിരുന്നു. ആദിശക്തിയുടെ പ്രവര്‍ത്തനങ്ങളിലൂടെ ആദിവാസിദളിത് യുവജനങ്ങളുടെ പുത്തന്‍ നേതൃനിരയാണ് രൂപപ്പെട്ടുവരുന്നതെന്നു ചെയര്‍പേഴ്‌സണ്‍ പി.വി.രജനി പറഞ്ഞു.

Related Articles

Back to top button