BREAKING NEWSKERALA

പരാതിയും പരാവെയ്പും തീരാതെ കേരളത്തിലെ കോണ്‍ഗ്രസ്… രമേശ് ഇന്ന് സോണിയയെ കാണും, ആവലാതി ബോധിപ്പിക്കാന്‍

ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസസന്ധിക്കിടെ രമേശ് ചെന്നിത്തല ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. എഐസിസി പുന:സംഘടന നടക്കാനിരിക്കേയാണ് കൂടിക്കാഴ്ച. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ ഗ്രൂപ്പുകള്‍ ഉന്നയിച്ച പരാതികളില്‍ ചെന്നിത്തല തന്റെ ഭാഗം ന്യായീകരിക്കും. പുതിയ നേതൃത്വത്തിലെ തമ്മിലടിയും പുന:സംഘടന മുടങ്ങിയതും ചെന്നിത്തല ആയുധമാക്കിയേക്കും. കെ സി വേണുഗോപാലിന്റെ അനാവശ്യ ഇടപെടലുകളെ കുറിച്ചും പരാതിപ്പെട്ടേക്കും.
അതേസമയം, ഐഎന്‍ടിയുസി കലാപത്തിനും മാണി സി കാപ്പന്റെ പ്രതിഷേധത്തിനും പിന്നില്‍ ചെന്നിത്തലയാണെന്ന പരാതി സതീശന്‍ വിഭാഗവും കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലക്കെതിരെ ഹൈക്കമാന്റിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ചെന്നിത്തല സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുന്‍ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലും ഹൈക്കമാന്റിനെ സമീപിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആസൂത്രിത ആക്രമണം നടന്നെന്നും ചെന്നിത്തലയ്ക്ക് എതിരെ നടപടി വേണമെന്നും സോണിയാ ഗാന്ധിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നിത്തല അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നതും പരാതിയിലുണ്ട്. ചെന്നിത്തലയ്‌ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജു ഖാനും പരാതി നല്‍കിയിരുന്നു. കെസിക്കെിരെ പോസ്റ്റിടാന്‍ നിര്‍ദ്ദേശം നല്‍കുന്ന ശബ്ദം ചെന്നിത്തലയുടേതാണ് എന്ന പ്രചാരണം കോണ്‍ഗ്രസ് സൈബര്‍ സ്‌പേസില്‍ ശക്തമായി മാറിയിരുന്നു.
എന്നാല്‍ ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാല്‍ കെസി വേണുഗോപാലിനും തനിക്കുമെതിരായി നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചെന്നിത്തല ബ്രിഗേഡിനെ വിഡി സതീശന്‍ സംശയിക്കുന്നുണ്ട്. നേരിട്ട് പോസ്റ്റിട്ടാല്‍ പോലും ഹാക്ക് ചെയ്‌തെന്ന വാദം നിരത്തി രക്ഷപ്പെടാമെന്നുള്ളതിനാല്‍ മുതിര്‍ന്ന നേതാക്കളും സൈബറിടത്തെ ഒളിപ്പോരില്‍ പിന്നിലല്ല.
ലിജുവിനെ വെട്ടി ജെബി േേമത്തറിന് രാജ്യസഭാ സീറ്റ് നല്‍കിയതിലുള്ള സൈബര്‍ യുദ്ധത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്റെ എഫ് ബി അക്കൗണ്ടില്‍ നിന്നും ചെന്നിത്തലക്കെതിരെ പോസ്റ്റ് വന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന മധു വിശദീകരിച്ചെങ്കിലും നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ കെ സുധാകരന് പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button