കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ പരിഷ്കാര നടപടികള്‍ക്കെതിരേ പ്രതിഷേധം പുകയുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന അധ്യാപകരെ പിരിച്ചുവിടുക, വിദ്യാര്‍ഥികളുടെ ഭക്ഷണ മെനുവില്‍നിന്ന് മാംസം ഒഴിവാക്കുക, ഡെയറി ഫാമുകള്‍ പൂട്ടുക തുടങ്ങിയ നടപടികള്‍ക്കെതിരേയാണ് പ്രതിഷേധം.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുല്‍ കെ. പട്ടേല്‍ 2020 ഡിസംബറിലാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. പദവിയേറ്റതുമുതല്‍ പട്ടേലിന്റെ തീരുമാനങ്ങള്‍ വിവാദമായി. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന 200 ഹൈസ്കൂള്‍ അധ്യാപകരെ പിരിച്ചുവിട്ടു. ഇതിനെതിരേ സമരം നടത്തിയ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തി. പ്രതികരിച്ച കെ.എസ്.യു.വിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് ദ്വീപിലെ വാര്‍ത്താപോര്‍ട്ടല്‍ വിലക്കി. ഗുണ്ടാ നിയമം നടപ്പാക്കി.
ഓരോ ദ്വീപിലുമുള്ള സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരെ പിരിച്ചുവിടുകയും ദ്വീപിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുകയും ചെയ്തു. ടൂറിസം വകുപ്പില്‍നിന്ന് 190 പേരെ പിരിച്ചുവിട്ടു. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് അഡ്മിനിസ്ട്രേറ്ററുടെ വരുതിയിലാക്കി. തീരസംരക്ഷണ നിയമത്തിന്റെ പേരുപറഞ്ഞ്, കടലോരങ്ങളിലെ മീന്‍പിടിത്തക്കാരുടെ ഉപകരണങ്ങളും വലയും ഷെഡ്ഡുകളും നീക്കി. മൃഗസംരക്ഷണവകുപ്പ് നടത്തിയിരുന്ന രണ്ട് ഡെയറിഫാമുകള്‍ നഷ്ടത്തിലാണെന്നു പറഞ്ഞ് പൂട്ടി. കന്നുകാലികളെ കിലോയ്ക്ക് 250 രൂപ നിരക്കില്‍ ലേലംചെയ്ത് വില്‍ക്കാനാണ് ഉത്തരവ്. ദ്വീപിലേക്കുള്ള പാല് ഉത്പന്നങ്ങളുമായി ഗുജറാത്തില്‍നിന്ന് കപ്പല്‍ പുറപ്പെട്ടതായാണ് പറയുന്നത്.
ബേപ്പൂര്‍ തുറമുഖംവഴിയാണ് ലക്ഷദ്വീപില്‍നിന്നുള്ള ചരക്കുനീക്കം ഏറിയകൂറും നടന്നുവരുന്നത്. ഇത് റദ്ദാക്കാനും മംഗളൂരു തുറമുഖം വഴി ചരക്ക് കയറ്റിറക്ക് തുടരാനും ടെന്‍ഡര്‍ വിളിക്കാന്‍ ദ്വീപ് തുറമുഖാധികൃതരോട് നിര്‍ദേശിച്ചു. ബേപ്പൂര്‍ തുറമുഖം വഴി ദ്വീപിലേക്ക് കന്നുകാലികളെ കയറ്റുന്നത് നിരോധിക്കുന്ന കരട് നിയമമുണ്ടാക്കി.
കോവിഡിന്റെ ഒന്നാംതരംഗത്തില്‍ ഒറ്റ കോവിഡ് രോഗി പോലുമില്ലാതിരുന്ന ലക്ഷ്വദീപില്‍ രണ്ടാം തരംഗത്തോടെ ആയിരത്തില്‍പ്പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 13 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ദ്വീപ് ഭരണകൂടത്തില്‍നിന്നു കോവിഡ് പ്രതിരോധത്തിന് മതിയായ സഹായം കിട്ടാതെ വന്നപ്പോള്‍ കഴിഞ്ഞമാസം ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസല്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം തേടി. പുതിയ അഡ്മിനിസ്ട്രേറ്റര്‍ വന്നതോടെ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമല്ലാതായെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.
ഇന്നത്തെ ലക്ഷദ്വീപ് ഭരണകൂടത്തില്‍നിന്ന് ദ്വീപ് നിവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അറുതിവരുത്താന്‍ കേന്ദ്രസര്‍ക്കാരുമായി അടിയന്തര ചര്‍ച്ച നടത്തും. അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. അഡ്മിനിസ്ട്രേറ്ററെ അടിയന്തരമായി കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടു.
24 1 minute read