BREAKING NEWSKERALALATEST

പിഞ്ചുകുഞ്ഞിനെ പൂവന്‍ കോഴി കൊത്തിപറിച്ചു, കണ്ണിനും തലയ്ക്കും ഗുരുതര പരിക്ക്; ഉടമയ്‌ക്കെതിരെ കേസ്

കൊച്ചി: പിഞ്ചുകുഞ്ഞിനെ പൂവന്‍ കോഴി കൊത്തിപറിച്ച സംഭവത്തില്‍ ഉടമയ്‌ക്കെതിരെ കേസ്. എറണാകുളം മഞ്ഞുമ്മലില്‍ മുട്ടാര്‍ കടവു റോഡിലാണ് അമ്പരപ്പിക്കുന്ന സംഭവം. പൂവന്‍ കോഴിയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പിന്നാലെയാണ് പോലീസിനെ സമീപിച്ചത്. കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ 18 നാണ് സംഭവം. മഞ്ഞുമ്മലില്‍ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യയെയും സന്ദര്‍ശിക്കാന്‍ ആലുവയില്‍നിന്നു മകളും കുടുംബവും എത്തിയിരുന്നു. അവരുടെ കുട്ടിയെയാണ് കോഴി ആക്രമിച്ചത്. കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിന്നെയും ആക്രമിച്ചു. കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴേക്കും കോഴി കുഞ്ഞിനെ കൊത്തി പറിച്ചിരുന്നു.
ഉടനടി കുഞ്ഞിനെ ഉടന്‍ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് അവിടെ അഡ്മിറ്റു ചെയ്തു. കൊത്ത് കാഴ്ചയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. അഞ്ചു ദിവസത്തിനു ശേഷമാണ് കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തത്. ഈ കോഴി മുന്‍പും ആക്രമണ സ്വഭാവം കാണിച്ചിട്ടുണ്ടെന്നും വീട്ടു മുറ്റത്തു നില്‍ക്കുന്ന മുതിര്‍ന്നവരെ പോലും ആക്രമിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
ഈ വിവരം കോഴിയുടെ ഉടമയെ അറിയിക്കുകയും കൂട്ടിലിട്ടു വളര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അവഗണിച്ചു കോഴിയ അഴിച്ചു വിട്ടതാണ് അപകടമുണ്ടാക്കിയതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

Related Articles

Back to top button